കൊല്ലം ഓയൂരില്‍ നിന്ന് കാണാതായ അബിഗേല്‍ സാറ റെജിയെന്ന ആറ് വയസുകാരി കൊല്ലത്ത് തന്നെ ഉണ്ടെന്നാണ് സൂചനയെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. ടവര്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
‘പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണ്. പൊലീസ് സജീവമായി ഇടപെടുന്നു. നാട്ടുകാരുടെയും സഹായമുണ്ട്. ആശങ്കയ്ക്ക് പരിഹാരം ഉണ്ടാവും’ മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.
കുട്ടി എവിടെയാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ദക്ഷിണ മേഖല ഐജി സ്പര്‍ജന്‍ കുമാര്‍. ചില സൂചനകള്‍ കിട്ടിയിട്ടുണ്ട്. അത് സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനും സൈബര്‍ പരിശോധനകള്‍ക്കുമെല്ലാമായി വിവിധ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. എത്രയും വേഗം കുട്ടിയെ കണ്ടുപിടിക്കാനാണ് ശ്രമം. കുട്ടിയെ തട്ടിക്കൊണ്ടുപോയ വെള്ളക്കാറിന്റെ നമ്പര്‍ വ്യാജമാണെന്നും സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.
ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നില്‍വെച്ചാണ് അബിഗേല്‍ സാറ എന്ന കുട്ടിയെ വെള്ള കാറിലെത്തിയ അജ്ഞാതസംഘം കടത്തിക്കൊണ്ടുപോയത്. സംസ്ഥാനത്തൊട്ടാകെയും കൊല്ലം ജില്ലയുടെ ഉള്‍പ്രദേശങ്ങളിലും വിശദമായ പരിശോധന നടക്കുകയാണ്.
കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇയാളെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. പ്രതികളില്‍ ഒരാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടു.