'മുന്നിൽ മറ്റ് വഴികളുണ്ട്, കേരളത്തിൽ പാർട്ടിക്ക് നേതൃപ്രതിസന്ധി'; കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി ശശി തരൂര്‍

കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മുന്നിൽ മറ്റ് വഴികളുണ്ടെന്ന് ശശി തരൂര്‍ എംപി. കേരളത്തിൽ പാർട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാം തവണയും തിരിച്ചടി നേരിടേണ്ടിവരുമെന്നും കോൺഗ്രസിനുള്ള മുന്നറിയിപ്പായി തരൂർ പറയുന്നു. ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്റെ പരാമര്‍ശം.

ദേശീയ തലത്തിലും കോൺഗ്രസ് തിരിച്ചടി നേരിടാൻ സാധ്യതയുണ്ട്. കേരളത്തിൽ സഖ്യ കക്ഷികൾക്കിടയിലും ഭിന്നതയുണ്ട്. സ്വതന്ത്രമായി അഭിപ്രായം പറയാനുളള തന്റെ അവകാശത്തെ ജനം അംഗീകരിച്ചിട്ടുണ്ട് എന്നും അതുകൊണ്ടാണ് നാല് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത് എന്നും ശശി തരൂർ പറഞ്ഞു.

സോണിയാ ഗാന്ധി, മൻമോഹൻ സിംഗ്, രമേശ് ചെന്നിത്തല എന്നിവരുൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പ്രേരണയെ തുടർന്നാണ് ഐക്യരാഷ്ട്രസഭയിലെ സേവനത്തിനുശേഷം അമേരിക്കയിൽ സുഖകരമായ ജീവിതം ഉപേക്ഷിച്ച് മടങ്ങിവന്ന് രാഷ്ട്രീയത്തിലേക്ക് മടങ്ങിവന്നതെന്ന് തരൂർ ചൂണ്ടിക്കാട്ടി.

Read more

ദേശീയ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിലപാട് കടുപ്പിച്ചിരിക്കുകയാണ് ശശി തരൂര്‍. നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്നതിനിടെ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം നലകിയ അഭിമുഖത്തിലാണ് തരൂർ പാർട്ടിയെ രൂക്ഷമായി വിമർശിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്‌.