തൃശൂര്‍പൂരവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സംതൃപ്തനാണെന്നും സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും വിഎസ് സുനില്‍കുമാര്‍. പാര്‍ട്ടിയോടും സര്‍ക്കാരിനോടും യോജിച്ച് നിന്നുകൊണ്ട് മാത്രമേ വിയോജിപ്പുകള്‍ രേഖപ്പെടുത്താനാകൂവെന്നും സുനില്‍കുമാര്‍ പറഞ്ഞു. തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പില്‍ സംഘപരിവാറിന്റെ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും വിഎസ് സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പൂരത്തിന്റെ എല്ലാ ഘട്ടങ്ങളിലും അടിമുടി ദുരൂഹത ഉണ്ടായിരുന്നു എന്നത് സംശയമില്ലാത്ത കാര്യമാണ്. തൃശൂര്‍പൂരം അട്ടിമറിയുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തില്‍ പൂര്‍ണ തൃപ്തനാണ്. പുതിയ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അന്വേശണം ഒച്ചിഴയും പോലെയല്ല കുതിരയുടെ വേഗത്തില്‍ നടത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്ത സമ്മേളനത്തിന് പിന്നാലെയാണ് സിപിഐ നേതാവ് മാധ്യമങ്ങളോട് സംസാരിച്ചത്. കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി എകെജി സെന്ററില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം എഡിജിപി വിഷയത്തില്‍ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.