അഞ്ച് തവണ തനിക്കുനേരെ വധശ്രമം ഉണ്ടായിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ഇതിലും വലിയ ഭീഷണികള്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്. അഞ്ച് തവണ തനിക്കുനേരെ വധശ്രമം ഉണ്ടായിട്ടുണ്ടെന്നും അപ്പോഴില്ലാതിരുന്ന ഭയം ഇപ്പോഴില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവയ്ക്കുമ്പോള്‍ തനിക്ക് വെറും 35 വയസ് മാത്രമായിരുന്നു. 1985 മുതല്‍ 1987 വരെയുള്ള കാലഘട്ടത്തിലാണ് ഭീഷണി നേരിട്ടത്. 1990ല്‍ നടന്ന വധശ്രമം ഒരു പരിധിവരെ വിജയിച്ചു. ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്ക് അടിയേല്‍ക്കുകയായിരുന്നു. 35ാം വയസില്‍ തോന്നാത്ത ഭയം 72ാം വയസില്‍ തോന്നുമോ എന്നും ഗവര്‍ണര്‍ ചോദിച്ചു.
തന്റെ പ്രായം ആയുര്‍ദൈര്‍ഘ്യത്തിന്റെ ദേശീയ ശരാശരി പിന്നിട്ടു. അധികമായി ലഭിക്കുന്ന സമയത്താണ് ജീവിക്കുന്നത്. അതുകൊണ്ട് ഭയമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. പരിപാടിക്ക് ശേഷം മടങ്ങിയ ഗവര്‍ണര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി റോഡിലൂടെ നടക്കുകയും കുട്ടികളെ ചേര്‍ത്തുപിടിക്കുകയും ചെയ്തു.
ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടയിലാണ് ഗവര്‍ണര്‍ പരിപാടിക്കെത്തിയത്. ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കറുത്ത ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. ഭൂപതിവ് നിയമഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ചാണ് ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്.