സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെയും പ്രവേശനം നിരോധിച്ചു. അതിരപ്പിള്ളി, വാഴച്ചാല്‍ തുടങ്ങി ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചുപൂട്ടാന്‍ തീരുമാനമായി. ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.
ചൊവ്വാഴ്ച മുതല്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ല. ഇനിയൊരു അറിയിപ്പ് വരുന്നതുവരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിലങ്ങന്‍കുന്ന്, കലശമല, പൂമല ഡാം, ഏനമാവ്, നെഹ്‌റു പാര്‍ക്ക്, ചെപ്പാറ, പീച്ചി ഡാം, ചാവക്കാട് ബീച്ച് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളും നാളെ മുതല്‍ അടച്ചിടും.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറത്തിറക്കിയത്. സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മണ്ണിടിച്ചിലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലെ ജനങ്ങള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.