2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് പിന്തുണ അറിയിച്ച് മാണി ഗ്രൂപ്പുകാരനായ നഗരസഭാംഗം. കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് അംഗം ജിൽസ് പെരിയപ്പുറമാണ് പിന്തുണ പ്രഖ്യാപിച്ചത്. പിറവം നഗരസഭയിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും പാർട്ടിയുടെ പാർലമെൻ്ററി പാർട്ടി നേതാവുമാണ് ജിൽസ് പെരിയപ്പുറം. അതേസമയം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മാണി ഗ്രൂപ്പിൽ പിറവം സീറ്റിനു വേണ്ടി ശ്രമിച്ച് പരാജയപ്പെട്ട ജിൽസ് ഔദ്യോഗികമായി മാണി ഗ്രൂപ്പിൽ അംഗമാണെങ്കിലും നിലവിൽ മാണി വിഭാഗവുമായി അകൽച്ചയിലാണ്.
ബുധനാഴ്ച നഗരസഭാ പ്രദേശത്ത് പര്യടനം നടത്തിയ ഫ്രാൻസിസ് ജോർജിനെ ജിൽസ് പെരിയപ്പുറം ഷാളണിയിച്ച് സ്വീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമാണ് മാണി ഗ്രൂപ്പെന്നും പ്രചാരണ വിഭാഗം കൺവീനറാണ് ജോസ് കെ. മാണിയെന്നും അതിനാൽ തന്റെ നിലപാടിൽ തെറ്റില്ലെന്നും ജിൽസ് പറഞ്ഞു. കെ.എം മാണിയുടെ മരണത്തോടെ പാർട്ടി ചിഹ്നം രണ്ടില എൻഡോസൾഫാൻ അടിച്ചപോലെയാണെന്നും ജിൽസ് കുറ്റപ്പെടുത്തി.
അതേസമയം കഴിഞ്ഞ ദിവസം ഫ്രാൻസിസ് ജോർജിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചിരുന്നു. ഓട്ടോറിക്ഷ ചിഹ്നമാണ് അനുവദിച്ചിരിക്കുന്നത്. കേരള കോൺഗ്രസ് പിളർന്നതോടെയാണ് ചിഹ്നത്തിന്റെ പ്രശ്നം ഉണ്ടായത്. കേരള കോൺഗ്രസിന്‍റെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയിൽ മത്സരിക്കുക എൽഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടനാണ്. കഴിഞ്ഞ തവണ തോമസ് ചാഴികാടനായിരുന്നു മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. എന്നാൽ പാര്‍ട്ടി പിളര്‍ന്നതോടെ ജോസ് കെ. മാണിക്കൊപ്പം ചാഴിക്കാടനും ഇടതുമുന്നണിയുടെ ഭാഗമാവുകയായിരുന്നു.