നല്ല കാര്യങ്ങള്‍ ആര് ചെയ്താലും അംഗീകരിക്കുമെന്നും കേരളീയം നല്ല പരിപാടിയാണെന്നും മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ രാജഗോപാല്‍. കേരളത്തില്‍ നടക്കുന്ന ഒരു നല്ല പരിപാടി അയതിനാലാണ് പങ്കെടുത്തത്. മുഖ്യമന്ത്രി പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ നടത്തുന്നുവെന്നും ഒ രാജഗോപാല്‍ പറഞ്ഞു.
വികസനത്തിന്റെ കാര്യത്തില്‍ വിട്ടു നില്‍ക്കേണ്ട കാര്യമില്ല. അത് കേള്‍ക്കേണ്ട കാര്യമുണ്ടല്ലോ. കണ്ണടച്ച് എതിര്‍ക്കേണ്ട കാര്യമില്ലെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ പ്രതിഷേധം എന്തിനാണെന്ന് അറിയില്ലെന്നും പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും മുന്‍ കേന്ദ്ര മന്ത്രി ചോദിച്ചു.
അതേ സമയം മറ്റ് ബിജെപി നേതാക്കള്‍ ആരും തന്നെ കേരളീയം പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. കേരളീയത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ഒ രാജഗോപാല്‍ പരിപാടിയിലേക്ക് കടന്നുവരുന്നത് പ്രസംഗത്തില്‍ പരാമര്‍ശിച്ച മുഖ്യമന്ത്രി മുന്‍ കേന്ദ്ര മന്ത്രിയെ പ്രത്യേകം സ്വാഗതം ചെയ്തു.
Read more
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് രാജഗോപാലിന്റെ ഇരിപ്പിടത്തിന് സമീപമെത്തി ഹസ്തദാനം നല്കി. കേരളീയം പരിപൂര്‍ണ വിജയമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. പലരുടെയും എതിര്‍പ്പ് കേരളീയം പരിപാടിയോടല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി വരുമ വര്‍ഷങ്ങളിലും കേരളീയം തുടരുമെന്നും പ്രഖ്യാപിച്ചു.