മുഴുവന്‍ ആവശ്യവും അംഗീകരിക്കാതെ പിന്നോട്ടില്ല; സമരം അവസാനിപ്പിക്കാതെ ദയാബായി

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പാക്കാന്‍ കൂട്ടാക്കാതെ സാമൂഹ്യ പ്രവര്‍ത്തക ദയാബായി. ഇന്ന് സമരസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ 90 ശതമാനം ആവശ്യങ്ങളും നടപ്പാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുഴുവന്‍ ആവശ്യവും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന് ദയാബായി നിലപാടെടുത്തു. പിന്നീട് ഏറെ നേരം മന്ത്രിമാരുമായി സംസാരിച്ച ശേഷം സമരം അവസാനിപ്പിക്കുന്ന കാര്യം ആലോചിച്ച് പറയാമെന്ന് ദയാബായി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് മന്ത്രിമാരായ ആര്‍. ബിന്ദുവും വീണാ ജോര്‍ജ്ജുമാണ് സമരസമിതിയുമായി ചര്‍ച്ച നടത്തിയത്. സമരസമിതിയുടെ 90 ശതമാനം ആവശ്യങ്ങളും അംഗീകരിക്കാനാവുന്നതാണെന്ന് ആര്‍. ബിന്ദു പറഞ്ഞു. ദയാബായിലെ ആശുപത്രിയില്‍ എത്തികണ്ടാണ് മന്ത്രിമാര്‍ വിഷയം സംസാരിച്ചത്.

തീരുമാനങ്ങളില്‍ അന്തിമ തീരുമാനം ദയാബായിയുടേതാണെന്നാണ് സമര സമിതി നേതാക്കളുടെ നിലപാട്. ചര്‍ച്ചയ്ക്ക് പോകുന്നതിന് മുന്‍പ് തന്നെ സമര സമിതി നേതാക്കള്‍ ദയാബായിയെ ആശുപത്രിയിലെത്തി കണ്ടിരുന്നു. അവരുടെ കൂടെ തീരുമാനപ്രകാരമുള്ള ആവശ്യങ്ങളാണ് ചര്‍ച്ചയില്‍ ഉന്നയിച്ചത്. സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലായിരുന്നു സമര സമിതി. എന്നാല്‍ ദയാബായി രേഖാമൂലം ഉറപ്പ് വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.

രണ്ടാഴ്ചയായി സമരം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യനില കണക്കിലെടുത്ത് ദയാബായിയെ ശനിയാഴ്ച രാത്രി പൊലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.