എ.ഐ.വൈ.എഫ് സെമിനാറില്‍ പങ്കെടുക്കാന്‍ വിലക്കുണ്ടായിരുന്നില്ല; കെ.വി തോമസിന്റെ ചോദ്യം വസ്തുതാവിരുദ്ധം: പി.സി വിഷ്ണുനാഥ്‌

എഐവൈഎഫ് സെമിനാറില്‍ പങ്കെടുക്കാന്‍ തനിക്ക് വിലക്ക് ഉണ്ടായിരുന്നില്ലെന്ന് പി സി വിഷ്ണുനാഥ് എംഎല്‍എ. പരിപാടിയില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് പാര്‍ട്ടിയോട് ആലോചിച്ചിരുന്നു. അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് പങ്കെടുത്തത്. കെ വി തോമസിന്റെ ചോദ്യം വസ്തുതാ വിരുദ്ധമാണെന്നും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് ഇത്തരം ചോദ്യങ്ങളെന്നും എംഎല്‍എ പറഞ്ഞു.

എഐവൈഎഫിന്റെ ആലപ്പുഴയില്‍ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സെമിനാറിലാണ് പിസി വിഷ്ണുനാഥ് പങ്കെടുത്തത്. ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചിരുന്നത്.

മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുത്തതിനെയും പിസി വിഷ്ണുനാഥ് എഐവൈഎഫിന്റെ സെമിനാറില്‍ പങ്കെടുത്തതിനെയും ചോദ്യം ചെയ്ത് കെ വി തോമസ് രംഗത്തെത്തിയിരുന്നു. തനിക്ക് ഒരു രീതിയും മറ്റുള്ളവര്‍ക്ക് വേറെ നീതിയും ശരിയാണോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

ഇഫ്താര്‍ വിരുന്നില്‍ പ്രതിപക്ഷ നേതാവടക്കം മറ്റ് പല കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു. ഇത് ശരിയാണോ. പി.സി.വിഷ്ണുനാഥ് എ.ഐ.വൈ.എഫിന്റെ ദേശീയ സെമിനാറില്‍ പങ്കെടുത്തു. അത് എഐസിസിയുടെ അനുമതി വാങ്ങിച്ചിട്ടാണോ. അല്ലെങ്കില്‍ കെപിസിസി അനുമതി നല്‍കിയോ. കെപിസിസി നിര്‍ദ്ദേശം അനുസരിച്ചാണോ വിഷ്ണുനാഥ് സെമിനാറിന് പോയതെന്നും കെ വി തോമസ് ചോദിച്ചു.

Read more

ഇഫ്താറിന്റെ അര്‍ത്ഥമറിയാത്തവരോട് എന്ത് പറയാനാണെന്നായിരുന്നു ചോദ്യത്തിന് വി ഡി സതീശന്റെ പ്രതികരണം. ഇഫ്താറിന് പാര്‍ട്ടി വിലക്കില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഇഫ്താര്‍ വിരുന്ന് നടത്തിയത്. വിലക്കുണ്ടായിരുന്നുവെങ്കില്‍ നടത്തില്ലായിരുന്നു. കരുണാകരന്‍ തുടങ്ങിവെച്ച പാരമ്പര്യമാണ്. അത് തുടരുക മാത്രമാണ് താന്‍ ചെയ്തത്. വിദ്വേഷത്തിന്റെ കാലത്ത് ഇഫ്താര്‍ സംഗമത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.