സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിനു കേരളത്തില്‍ ഒരു വിലക്കുമുണ്ടാകില്ല, എല്ലാ പരിരക്ഷയും നല്‍കും: മുഖ്യമന്ത്രി

സ്വതന്ത്രവും നീതിപൂര്‍വകവും ജനാധിപത്യപരവുമായ പത്രപ്രവര്‍ത്തനത്തിനു കേരളത്തില്‍ ഒരു വിലക്കുമുണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പത്രസ്വാതന്ത്ര്യത്തിന് എല്ലാ പരിരക്ഷയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ 2020ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരവും 2020, 2021 വര്‍ഷങ്ങളിലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും 2020ലെ സംസ്ഥാന ഫോട്ടോഗ്രഫി അവാര്‍ഡുകളും സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മാധ്യമ പ്രവര്‍ത്തനത്തിനു ദേശീയതലത്തില്‍ വലിയ ഭീഷണിയുണ്ടാകുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിഷ്പക്ഷവും നീതിപൂര്‍വകവുമായി മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ തടങ്കലിലാകുന്നു. പൗരന്മാരുടെ അവകാശങ്ങള്‍ പോലും ധ്വംസിക്കപ്പെടുന്നു. ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ അജണ്ടയാണിത്. പലയിടത്തും ജനാധിപത്യപരമായ പത്രപ്രവര്‍ത്തനത്തിനെതിരേ വിലക്കുകളും കടന്നാക്രമണങ്ങളും നടക്കുന്നു. അത്തരം രാഷ്ട്രീയത്തെ അപ്പാടെ എതിര്‍ക്കുന്ന രാഷ്ട്രീയമാണു കേരളത്തിലുള്ളത്. ഈ വ്യത്യാസം ഇല്ലെന്നു വരുത്തിത്തീര്‍ത്ത് രണ്ടും ഒന്നെന്നു വരുത്താന്‍ കേരളത്തില്‍ ചിലര്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തനമെന്ന പേരില്‍ മാധ്യമ ധര്‍മത്തിനു ചേരാത്ത ഭീഷണിയുയര്‍ത്തുന്നതും അസത്യം പ്രചരിപ്പിക്കുന്നതും ഇവരാണെന്നും, രണ്ടും തമ്മില്‍ വ്യത്യാസമുണ്ടെന്നതു ജനങ്ങള്‍ക്കറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സത്യം അറിയിക്കാനുള്ള പത്രപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം പൂര്‍ണമാകുന്നത് സത്യം അറിയാനുള്ള വായനക്കാരന്റെ സ്വാതന്ത്ര്യംകൂടി ചേരുമ്പോഴാണ്. എന്നാല്‍ ഇതു മാധ്യമ പ്രവര്‍ത്തകരാല്‍ത്തന്നെ ലംഘിക്കപ്പെടുന്നുണ്ടോ എന്നതില്‍ പത്രപ്രവര്‍ത്തക സമൂഹത്തിന്റെ പരിശോധന ആവശ്യമായ ഘട്ടമാണിത്. അറിയിക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം പോലെതന്നെ പ്രധാനപ്പെട്ടതാണു സത്യം അറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യത്തിനുനേര്‍ക്കു മൂലധനതാത്പര്യത്താല്‍ പ്രേരിതമായതും പത്രപ്രവര്‍ത്തന മനസാക്ഷിക്കു വിരുദ്ധമായതുമായ ആക്രമണങ്ങള്‍ നടത്താന്‍ ചില മാധ്യമ പ്രവര്‍ത്തകരെങ്കിലും നിര്‍ബന്ധിതരാകുന്നുണ്ട്. ഇക്കാര്യത്തില്‍ പത്ര ഉടമകളുടെ മൂലധന രാഷ്ട്രീയ താത്പര്യങ്ങള്‍ പ്രതിഫലിക്കുന്നതുകൊണ്ടാണിത്.

മാധ്യമ രംഗം കഴുത്തറുപ്പന്‍ മത്സരങ്ങളുടെ മേഖലയായി മാറിയിരിക്കുന്നു. ഇതര ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും മുകളില്‍ സ്ഥാനം നേടാനുള്ള വ്യഗ്രതയില്‍ സത്യം പലപ്പോഴും ബലികഴിക്കപ്പെടുന്നു. സത്യമെന്താണെന്ന് അന്വേഷിക്കാന്‍ ഒരു നിമിഷംപോലുമെടുക്കാതെ ആധികാരിക തത്വങ്ങളെന്ന നിലയ്ക്ക് അസത്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നു. എത്ര കടുത്ത അസത്യം വിളിച്ചുപറഞ്ഞാലാണു കൂടുതല്‍ ആളുകളിലേക്ക് എത്തുകയെന്നതു മാത്രമായി മാധ്യമങ്ങളുടെ പരിഗണന മാറുന്നു. ഇത്തരമൊരു ജീര്‍ണത മാധ്യമരംഗത്തു പടരുന്നുണ്ട്. ഇതിനെ ചെറുക്കാനുള്ള സംസ്‌കാരം മാധ്യമലോകത്തുണ്ടാകണം. അതുണ്ടായാല്‍ മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ അധികാര ശക്തികളുടെ ഏതു നീക്കത്തേയും ചെറുക്കാന്‍ ജനങ്ങള്‍ ഒപ്പം നില്‍ക്കും. ജനങ്ങള്‍ക്കു വീടു കിട്ടുന്നതിനു സര്‍ക്കാര്‍ പദ്ധതിയാവിഷ്‌കരിക്കുമ്പോള്‍ ചിലര്‍ അതിനെ തകര്‍ക്കാന്‍ നോക്കുകയാണ്. ജനങ്ങള്‍ക്കു ദുരിതാശ്വാസത്തിന് ആവിഷ്‌കരിക്കുന്ന പദ്ധതികളെ തകര്‍ക്കാന്‍ നോക്കുകയാണ്. ഒരു പ്രത്യേക രാഷ്ട്രീയ താത്പര്യത്തിന്റെ നിര്‍വഹണത്തിനുവേണ്ടിയാണിത്. സ്ഥാപിതതാത്പര്യക്കാരുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുന്ന ചട്ടുകങ്ങളായി മാധ്യമങ്ങള്‍ മാറുന്നത് ഉചിതമാണോയെന്നു മാധ്യമ മേഖലയിലുള്ളവര്‍ത്തന്നെ ചിന്തിക്കണം.

സ്വദേശാഭിമാനിയുടേയും കേസരി ബാലകൃഷ്ണപിള്ളയുടേയും കാലത്തില്ലാത്ത സാങ്കേതിക സംവിധാനങ്ങള്‍ ഇന്നുണ്ട്. അതൊക്കെ നാടിനും ജനങ്ങള്‍ക്കും ഉപകരിക്കുന്നവിധത്തില്‍ പ്രയോജനപ്പെടുത്തണം. അധികാരവ്യവസ്ഥയെ വെല്ലുവിളിക്കുന്നവിധത്തില്‍ പത്രപ്രവര്‍ത്തനം നടത്താന്‍ സ്വദേശാഭിമാനിക്കു വക്കം മൗലവി സ്വാതന്ത്യം നല്‍കി. അത്തരം സ്വാതന്ത്ര്യം പത്രപ്രവര്‍ത്തകര്‍ക്കു നല്‍കുന്ന എത്ര പത്ര ഉടമകള്‍ ഇക്കാലത്തുണ്ടെന്നതു പത്രപ്രവര്‍ത്തകര്‍തന്നെ ആലോചിക്കണം. പത്രപ്രവര്‍ത്തകരുടെ താത്പര്യവും പത്ര ഉടമകളുടെ താത്പര്യവും തമ്മില്‍ വൈരുദ്ധ്യമുണ്ടാകാതെ വരുമ്പോള്‍ മാത്രമേ മാതൃകാപരമായ പത്രപ്രവര്‍ത്തനം സാധ്യമാകൂ. എന്നാല്‍ ഭാഷാ പത്രങ്ങളെവരെ കോര്‍പ്പറേറ്റ് വമ്പന്മാര്‍ വിഴുങ്ങുന്ന പുതിയ കാലത്ത്, അത്തരത്തില്‍ മാതൃകാപരമായ പത്രപ്രവര്‍ത്തനം എത്രത്തോളം സാധ്യമാണെന്ന ചോദ്യം മാധ്യമപ്രവര്‍ത്തകരില്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

അഗ്രഷനിൽ രാജാവ് ബോളിങ്ങിൽ വട്ടപ്പൂജ്യം, സിറാജിനെതിരെ ആരാധകർ; സ്വയം കോമാളിയായി മാറി താരം

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി മെൽബണിൽ കറുത്ത ആം ബാൻഡ് അണിഞ്ഞ് ഇന്ത്യൻ താരങ്ങൾ

മലയാളി പ്രേക്ഷകരോട് എനിക്കൊരു അപേക്ഷയുണ്ട്..; 'ബറോസ്' കണ്ട ശേഷം ലിജോ ജോസ് പെല്ലിശേരി

അസാധാരണ നീക്കവുമായി എൻ പ്രശാന്ത്; അഞ്ച് ചോദ്യങ്ങളടങ്ങിയ കത്ത് ചീഫ് സെക്രട്ടറിക്ക് അയച്ചു

വയനാട് പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസം; ഭൂമി ഏറ്റെടുക്കലിനെതിരെ നൽകിയ ഹർജി തള്ളി

BGT 2024: ഇന്ന് മുതൽ നീ ഹിറ്റ്മാൻ അല്ല, എതിരാളികൾക്ക് ഫ്രീമാൻ; വിരമിച്ച് പോയാൽ ഉള്ള വില പോകാതിരിക്കും

ഇത് പോലെ ഒരു ഉറക്കം തൂങ്ങി നായകനെ ഇന്ത്യ കണ്ടിട്ടില്ല, സ്മിത്തും കമ്മിൻസും അടിച്ചോടിച്ചപ്പോൾ എനിക്ക് വയ്യേ എന്ന ഭാവം ; രോഹിത്തിന് വമ്പൻ വിമർശനം, നോക്കാം ഇന്നത്തെ മണ്ടത്തരങ്ങൾ

അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കണം; സാധാരണക്കാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ലക്ഷ്യം വയ്ക്കരുത്; ഇസ്രയേലിന് താക്കീതുമായി യുഎന്‍ സെക്രട്ടറി ജനറല്‍

പെരിയ ഇരട്ടക്കൊലക്കേസിൽ വിധി നാളെ; കേസിൽ സിപിഎം നേതാക്കളടക്കം 24 പ്രതികൾ

പത്ത് വര്‍ഷത്തിനിടെ 117 വാര്‍ത്താ സമ്മേളനങ്ങൾ, മുൻകൂട്ടി തയാറാക്കാത്ത ചോദ്യങ്ങൾ... ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസാന വാര്‍ത്താ സമ്മേളനം മൻമോഹൻ സിങ്ങിന്റേത്