പല സ്ഥലങ്ങളില്‍ പോകുന്നവരാണ് തങ്ങള്‍; ഓംപ്രകാശിനെ മനസിലാക്കിയത് ഗൂഗിള്‍ നോക്കിയെന്ന് പ്രയാഗ മാര്‍ട്ടിന്‍

കുപ്രസിദ്ധ ഗുണ്ട നേതാവ് ഓംപ്രകാശ് ഉള്‍പ്പെട്ട ലഹരി കേസില്‍ സിനിമ താരം പ്രയാഗ മാര്‍ട്ടിന്‍ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം ടൗണ്‍ സൗത്ത് സ്‌റ്റേഷനിലാണ് പ്രയാഗ ചോദ്യം ചെയ്യലിന് ഹാജരായത്. മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത കണ്ടതിന് ശേഷം ഗൂഗിള്‍ നോക്കിയാണ് ഓംപ്രകാശ് ആരെന്ന് മനസിലാക്കിയതെന്ന് പ്രയാഗ പറഞ്ഞു.

ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രയാഗ മാര്‍ട്ടിന്‍. ഓംപ്രകാശുമായി തനിക്ക് ഒരു ബന്ധവുമില്ല. സുഹൃത്തുക്കളെ കാണാന്‍ പോയതാണ്. തങ്ങള്‍ പല സ്ഥലങ്ങളില്‍ പോകുന്നവരാണ്. ഒരു സ്ഥലത്ത് പോകുമ്പോള്‍ അവിടെ കുറ്റവാളികളുണ്ടോ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുണ്ടോ എന്ന് ചോദിച്ചിട്ട് കയറാന്‍ സാധിക്കില്ലെന്നും താരം പറഞ്ഞു.

നേരത്തെ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. എസിപി ഓഫീസില്‍ ശ്രീനാഥ് ഭാസിയെ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. സുഹൃത്ത് വഴിയാണ് മുറിയിലെത്തിയതെന്നും ഗുണ്ടാനേതാവ് ഓം പ്രകാശിനെ നേരിട്ട് അറിയില്ലെന്ന് ശ്രീനാഥ് ഭാസി മൊഴി നല്‍കി.

Read more