മുനമ്പം ഭൂമി വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളേജ്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും തങ്ങള്‍ക്ക് ഇഷ്ടദാനം കിട്ടിയ ഭൂമിയാണെന്നും ഫാറൂഖ് കോളേജ് വ്യക്തമാക്കി. മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അടുത്ത മാസം ഹിയറിംഗ് ആരംഭിക്കാനിരിക്കെയാണ് ഫാറൂഖ് കോളേജ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
ഭൂമി വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ടെന്നും ഫാറൂഖ് കോളേജ് അവകാശപ്പെടുന്നു. മുനമ്പത്തേത് വഖഫ് ഭൂമിയല്ല. ഭൂമി ഫാറൂഖ് കോളേജിന് ഇഷ്ടദാനമായി കിട്ടിയതാണ്. ആയതിനാല്‍ അത് ക്രയവിക്രയം നടത്തുന്നതിനുള്ള പൂര്‍ണ അധികാരം തങ്ങള്‍ക്കുണ്ടെന്നും ഫാറൂഖ് കോളേജ് അറിയിച്ചു.
മുനമ്പം ഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ക്ക് മുമ്പാകെയാണ് ഫാറൂഖ് കോളേജ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതേസമയം മുനമ്പത്തെ ജനങ്ങളും തങ്ങളുടെ നിലപാട് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. മുനമ്പം ഭൂസംരക്ഷണ സമിതി ഭാരവാഹികളും തങ്ങളുടെ പക്കലുള്ള ഭൂരേഖകള്‍ കമ്മീഷന് മുമ്പാകെ കൈമാറിയിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ വിഷയത്തില്‍ കമ്മീഷന് മൂന്ന് മാസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. വഖഫ് ബോര്‍ഡിനെ കൂടാതെ സംസ്ഥാന സര്‍ക്കാരും വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.