വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കണ്ടെത്തിയ മൃതദേഹങ്ങളില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത എട്ട് പേര്‍ക്ക് ഹാരിസണ്‍ മലയാളത്തില്‍ സര്‍വ്വമത പ്രാര്‍ത്ഥനയോടെ ജന്മനാട് വിട നല്‍കി. തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങള്‍ ഒരു വട്ടം കൂടി നേരില്‍ കണ്ട് തങ്ങളുടെ ഉറ്റവര്‍ ആരെങ്കിലും ഇക്കൂട്ടത്തിലുണ്ടോ എന്ന് പരിശോധിക്കാനായി വിവിധ ഭാഗങ്ങളില്‍ നിന്ന് ഉറ്റവരെ നഷ്ടപ്പെട്ട നിരവധി പേര്‍ എത്തിയിരുന്നു.
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സംസ്‌കാരം സര്‍വ്വമത പ്രാര്‍ത്ഥനയോടെ നടന്നു. പുത്തുമലയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് സൗജന്യമായി വിട്ടുനല്‍കിയ 64 സെന്റ് ഭൂമിയിലാണ് ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ട് തിരിച്ചറിയാന്‍ സാധിക്കാത്തവര്‍ക്ക് അന്ത്യവിശ്രമം. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഹാരിസണ്‍ മലയാളം സ്ഥലം വിട്ടുനല്‍കിയകത്.
ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ പുരോഹിതന്മാരുടെ പത്ത് മിനുട്ട് വീതം നീണ്ട പ്രാര്‍ത്ഥനയ്ക്ക് ശേഷമായിരുന്നു സംസ്‌കാരം നടന്നത്. സന്നദ്ധ സംഘടന പ്രവര്‍ത്തകരും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.
ഇതുവരെ തിരിച്ചറിയാന്‍ സാധിക്കാത്ത 67 മൃതദേഹങ്ങളില്‍ എട്ട് മൃതദേഹങ്ങളാണ് ഹാരിസണ്‍ മലയാളത്തില്‍ സംസ്‌കരിച്ചത്. എകെ ശശീന്ദ്രന്‍, എംബി രാജേഷ്, കെ രാജന്‍ തുടങ്ങിയ മന്ത്രിമാരും ടി സിദ്ദിഖ് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത് അന്ത്യോപചാരമര്‍പ്പിച്ചു. തിരച്ചിലില്‍ ലഭിച്ച 198 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി.