തിരുവനന്തപുരം തിരുവല്ലത്ത് പൊലീസ് സ്റ്റേഷനില്‍ വച്ച് പ്രതി മരിച്ച സംഭവത്തില്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജഡ്ജിക്കുന്ന സ്വദേശി സുരേഷ് ആയിരുന്നു കസ്റ്റഡിയില്‍ ഇരിക്കെ കഴിഞ്ഞ ആഴ്ച മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചുവെന്നാണ് പൊലീസ് പറഞ്ഞത്. കസ്റ്റഡി മരണമെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണ ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് ഡി.ജി.പി ഉത്തരവിറക്കിയത്. ജില്ല ക്രൈംബ്രാഞ്ചാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.
ദമ്പതികളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു സുരേഷിനെ ഞായറാഴ്ച പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ജഡ്ജികുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് കേസടുത്തത്. സുരേഷ് ഉള്‍പ്പടെ അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സ്റ്റേഷനില്‍ വച്ച് ദേഹാസ്വസ്ഥ്യവും തളര്‍ച്ചയും അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
പൂന്തുറ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളജിലേക്ക് പോകും വഴി ആരോഗ്യനില വഷളായതിനാല്‍ അനന്തപുരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. പക്ഷേ, സുരേഷിനെ രക്ഷിക്കാനായില്ല. പല ക്രിമിനല്‍ കേസുകളിലും പ്രതിയായിരുന്നു സുരേഷെന്നാണ് പൊലീസ് അറിയിച്ചത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ സുരേഷിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു നടത്തിയത്. ഹൃദയാഘാതമാണ് മരണകാരണം. എന്നാല്‍ ഹൃദയാഘാതം ഉണ്ടായതിന് പിന്നിലെ മറ്റ് കാരണങ്ങള്‍ വ്യക്തമായി പരിശോധിക്കും. മര്‍ദ്ദനമാണ് കാരണമെന്നാണ് റിപ്പോര്‍ട്ടെങ്കില്‍ അന്വേഷണം സി.ബി.ഐക്ക് വിടും.
സുരേഷ് ഉള്‍പ്പടെയുള്ളവര്‍ സദാചാര പൊലീസ് ചമഞ്ഞ് മര്‍ദ്ദിച്ചുവെന്നായിരുന്നു ദമ്പതികളുടെ പരാതി. അറസ്റ്റിലായ മറ്റുള്ളവര്‍ നിലവില്‍ ജയിലിലാണ്. സുരേഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.