തിരുവനന്തപുരം സിപിഎമ്മിലും പൊട്ടിത്തെറി; ഏരിയ സെക്രട്ടറി മധു മുല്ലശേരിയെ മാറ്റി, പാർട്ടി വിടുന്നുവെന്ന് മധു

സിപിഎമ്മിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് വീണ്ടും സിപിഎമ്മിൽ പൊട്ടിത്തെറി. തിരുവനന്തപുരം സിപിഎമ്മിലും പൊട്ടിത്തെറിയുണ്ടായി. മംഗലപുരം ഏരിയ സെക്രട്ടറിയായ മധു മുല്ലശേരിക്ക് പകരം എം. ജലീലിനെ പുതിയ ഏരിയ സെക്രട്ടറിയാക്കി. പിന്നാലെ പാർട്ടി വിടുന്നുവെന്നറിയിച്ച് മധു മുല്ലശേരി രംഗത്തെത്തി. ഏത് പാര്‍ട്ടിയൊടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാക്കുമെന്നും മധു അറിയിച്ചു.

മംഗലാപുരം ഏരിയ സെക്രട്ടറിയായിരുന്ന മധുവിനെതിരെ സമ്മേളനത്തിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. പിന്നാലെ ഏരിയ സമ്മേളനത്തിൽ നിന്നും മധു ഇറങ്ങി പോയി. സമ്മേളനം തീരുന്നതിന് മുമ്പ് ഇറങ്ങി പോയ മധു പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടു തവണയും മധുവായിരുന്നു ഏരിയ സെക്രട്ടറി. ജില്ലാ നേതൃത്വവും മധുവിനെ വീണ്ടും ഏരിയ സെക്രട്ടറിയാക്കുന്നത് എതിർത്തിരുന്നു. തുടർന്നാണ് തീരുമാനം ഉണ്ടായത്.

അതേസമയം പുറത്താക്കലിന് പിന്നാലെ പാർട്ടി വിടുമെന്ന് മുല്ലശേരി മധു വ്യക്തമാക്കി. പാർട്ടി ജില്ലാ സെക്രട്ടറി വി. ജോയിയാണ് ഏരിയ സെക്രട്ടറി സ്ഥാനത്ത് തുടരാൻ തന്നെ അനുവദിക്കാത്തതെന്നും ജോയി വിഭാഗീയ പ്രവർത്തനം നടത്തുന്നുവെന്നും മധു ആരോപിച്ചു. അതിനുള്ള കാരണം ജോയി വ്യക്തമാക്കണമെന്നും മധു പറഞ്ഞു. അതേസമയം തന്നൊടൊപ്പം നില്‍ക്കുന്ന പ്രവര്‍ത്തകരും പാര്‍ട്ടി വിടുമെന്ന് മധു അറിയിച്ചു.