തിരുവനന്തപുരം കോര്‍പറേഷനിലെ പാര്‍ട്ടി നിയമനകത്ത് വിവാദത്തിലെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നഗരസഭാ പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ബിജെപി. ജനുവരി ഏഴിന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ജനുവരി ആറിന് ബിജെപി പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ വളയും. നിയമന തട്ടിപ്പു വിവാദത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്ന് ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു. പ്രതിഷേധം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നും അദേഹം പറഞ്ഞു.
കോര്‍പ്പറേഷനില്‍ ഒഴിവുള്ള താത്കാലിക തസ്തികകളിലേക്ക് പരിഗണിക്കുന്നതിനായി പാര്‍ട്ടിക്കാരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് മേയര്‍, ജില്ലാ സെക്രട്ടറിയായ ആനാവൂര്‍ നാഗപ്പന് എഴുതിയ കത്തിന്റെ പകര്‍പ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദത്തിന് തുടക്കം.
നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കത്ത് വിവാദത്തില്‍ മേയര്‍ രാജി വെയ്ക്കേണ്ട ആവശ്യമില്ലെന്നാണ് സിപിഎം നിലപാട്. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധ പരിപാടികള്‍ നടത്തിവരികയാണ്. പ്രതിഷേധം ശക്തമായപ്പോള്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പുരോഗതികള്‍ ഉണ്ടായില്ല.