കേരളത്തിന്റെ തലസ്ഥാനത്തിന് പുസ്തക തലസ്ഥാനമാകാനുള്ള സര്‍വ യോഗ്യതയുമുണ്ടെന്നും ഇതിനായി യുനെസ്‌കോയ്ക്ക് നിയമസഭാ സ്പീക്കര്‍ കത്തയയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെ എല്‍ ഐ ബി എഫ് ) മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോഴിക്കോട് ലോക സാഹിത്യനഗരി ആയതുപോലെ തിരുവനന്തപുരം യുനെസ്‌കോയുടെ വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍ സ്ഥാനത്തിന് അര്‍ഹമാകണം. യുനെസ്‌കോയ്ക്ക് ഓരോ വര്‍ഷവും ഓരോ നഗരത്തെ ലോക പുസ്തക തലസ്ഥാനമായി അംഗീകരിക്കുന്ന ഒരു പദ്ധതിയുണ്ട്. ഇന്ത്യയിലെ ഏതെങ്കിലുമൊരു നഗരത്തിന് യുണൈറ്റഡ് നേഷന്‍സിന്റെ പുസ്തക തലസ്ഥാനം ‘വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍’ എന്ന പദവിക്ക് അര്‍ഹതയുണ്ടെങ്കില്‍ ആദ്യം പരിഗണനയ്ക്ക് വരേണ്ടത് കേരളത്തിന്റെ നഗരങ്ങളാണ്.
യു എന്‍ രൂപീകൃതമായ 1945ല്‍തന്നെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചവരാണ് നമ്മള്‍. എം പി പോള്‍ എസ് പി സി എസ് രജിസ്റ്റര്‍ ചെയ്യുന്നതും അന്നാണ്. നാഷണല്‍ ബുക് സ്റ്റാള്‍ തുറക്കുന്നതും അന്നാണ്. യു എന്നിന്റെ സമാരംഭത്തില്‍ അക്ഷരവുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രസ്ഥാനങ്ങള്‍ ആഘോഷപൂര്‍വ്വം ആരംഭിച്ച ഈ കേരളത്തിന്റെ തലസ്ഥാനത്തിനു തന്നെയാണ് യുനെസ്‌കോയുടെ വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍ പദവി കിട്ടേണ്ടത്. അത് നേടിയെടുക്കുമെന്ന പ്രതിജ്ഞയോടെയാവണം ഈ അക്ഷരോത്സവത്തിന്റെ സമാരംഭം. പുസ്തകോത്സവ തലസ്ഥാനമാകാനുള്ള സര്‍വയോഗ്യതയുമുള്ള തിരുവനന്തപുരം ലോക സാഹിത്യ ഉത്സവ ഭൂപടത്തില്‍ അടയാളപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, തോപ്പില്‍ ഭാസി, മുതല്‍ പ്രൊഫ. എം കെ സാനുവും കവി കടമ്മനിട്ട രാമകൃഷ്ണനും വരെ നിരവധി സാഹിത്യപ്രതിഭകള്‍ നിയമസഭയില്‍ അംഗങ്ങളായിരുന്നിട്ടുണ്ട്. സഭയില്‍ അംഗങ്ങളായിരുന്ന ഇ എം എസ്, അച്യുതമേനോന്‍, പി ഗോവിന്ദപ്പിള്ള തുടങ്ങി ധാരാളം പ്രമുഖര്‍ സാഹിത്യരംഗത്തുകൂടി സംഭാവനകള്‍ ചെയ്തവരാണ്. അതിനാല്‍ നിയമസഭാ പുസ്തകോത്സവത്തിന് പ്രത്യേകമായ ഔചിത്യ ഭംഗിയുണ്ട്. വായന മരിക്കുന്നു എന്നു ലോകത്തിന്റെ പല ഭാഗങ്ങളിലും പലരും പറഞ്ഞുകൊണ്ടിരുന്ന വേളയില്‍ പോലും വായന തളിര്‍ക്കുന്ന അനുഭവം നിലനിന്ന നാടാണിത്. ബീഡി തെറുത്തുകൊണ്ടിരിക്കുമ്പോള്‍ പോലും പുസ്തകങ്ങള്‍ വായിച്ചു കേട്ടിരുന്നവരുടെ പൈതൃകമുണ്ട് നമുക്ക്.
കേരളത്തില്‍ ഫിസിക്കല്‍ ബുക്ക് ഷോപ്പുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇ-റീഡിങ് വന്നപ്പോള്‍ പോലും പുസ്തകം കൈയിലെടുത്ത് അതിന്റെ പുതുമയുടെ ഗന്ധം ആസ്വദിച്ചു വായിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ നാടാണിത്. ഇന്ത്യയില്‍ ആദ്യമായി പേപ്പര്‍ ബാക്ക് ബുക്ക് വിപ്ലവം സാധ്യമാക്കിയ നാടാണിത്. പരമ്പരാഗതവും സാമ്പ്രദായികവുമായ എഴുത്തിന്റെ വഴികളില്‍ നിന്നുമാറി രചനയിലും ആസ്വാദനത്തിലും പുതുവഴി വെട്ടിത്തുറന്ന എം മുകുന്ദന് ഇത്തവണത്തെ നിയമസഭാ പുരസ്‌ക്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാള സര്‍ഗാത്മക സാഹിത്യത്തിന് നിസ്തുല സംഭാവന നല്‍കിയ എം മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ പുരസ്‌കാരം സമ്മാനിച്ചു.
സാംസ്‌കാരിക മേഖലയിലെ അധിനിവേശങ്ങള്‍ക്കും അരാജകചിന്തകള്‍ക്കുമെതിരായ ചെറുത്തു നില്‍പ്പാണ് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവമെന്ന് അദ്ധ്യക്ഷനായിരുന്ന സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. ആധുനിക ഇന്ത്യയില്‍ മതേതരത്വം ചോദ്യം ചെയ്യപ്പെടുകയും വര്‍ഗീയത ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയും ചെയ്യുന്നു. സാംസ്‌കാരിക മേഖലയിലെ എല്ലാ തെറ്റായ പ്രവണതകള്‍ക്കുമെതിരായ ചെറുത്തുനില്‍പ്പാണ് പുസ്തകോത്സവം. നിര്‍മിത ബുദ്ധിയുടെ കാലത്ത് ഏകാഗ്രത കുറഞ്ഞുവരുന്നുണ്ട്. സങ്കല്‍പങ്ങളുടെ അന്ത്യം എന്നാണ് ഈ കാലഘട്ടത്തെ വിശേഷിപ്പിക്കാനാവുക. ഡിജിറ്റല്‍ ഇടപെടലുകളും സമൂഹമാധ്യമങ്ങളും വായനയെ സ്വാധീനിക്കുന്നു. ഏകാഗ്രതയുടെ ദൈര്‍ഘ്യം കുറയുന്ന ഈ കാലത്ത് വായനയെ എങ്ങനെ തിരിച്ചുപിടിക്കാം എന്നു കൂടി കെ എല്‍ ഐ ബി എഫ് അന്വേഷിക്കുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.
സംസ്‌കാര ഭാഷാ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതില്‍ രാജ്യത്തിന് മാതൃകയായ കേരളം അറിവിന്റേയും പുരോഗതിയുടേയും അഗോളമുദ്രയാണെന്ന് മുഖ്യാതിഥിയായിരുന്ന കര്‍ണാടക സ്പീക്കര്‍ യു. ടി ഖാദര്‍ ഫരീദ് പറഞ്ഞു. വിദ്യാഭ്യാസത്തേയും സാഹിത്യത്തേയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള നിയമസഭയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ദൗത്യമാണ് പുസ്തകോത്സവം. ഇതിന്റെ ഊര്‍ജം ഉള്‍ക്കൊണ്ട് കര്‍ണാടകയിലും പുസ്തകോത്സവം സംഘടിപ്പിക്കുന്നതിനുള്ള പിന്തുണയും അദ്ദേഹം തേടി. തലമുറകളെ വായനയിലേക്ക് നയിച്ച എം മുകുന്ദനെ നിയമസഭാ അവാര്‍ഡ് നേടിയതില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ അഭിനന്ദിച്ചു.
ലഭിച്ച പുരസ്‌കാരങ്ങളില്‍ താന്‍ ഏറ്റവും വിലമതിക്കുന്നത് നിയമസഭാ പുരസ്‌കാരമെന്ന് മറുപടി പ്രസംഗത്തില്‍ എം മുകുന്ദന്‍ പറഞ്ഞു. മൂന്നരക്കോടി ജനങ്ങള്‍ നീതിക്കും തുല്യതയ്ക്കും വേണ്ടി ഉറ്റുനോക്കുന്ന മഹനീയമായ നിയമസഭയില്‍ നിന്നും പുരസ്‌കാരം ലഭിച്ച നിമിഷം എന്നെന്നും ഓര്‍മിക്കും. അറുപതോളം വര്‍ഷത്തോളം എഴുതിയതിനാണ് തനിക്ക് വാര്‍ദ്ധക്യം ബാധിച്ചത്. എഴുത്തുയാത്ര എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂപരിഷ്‌കരണ നിയമത്തിലൂടേയും വിദ്യാഭ്യാസ ബില്ലിലൂടേയും മുന്നേറിയ കേരളം ആധുനിക നിര്‍മിതിയിലേക്കുള്ള പ്രയാണം തുടരേണ്ടതുണ്ട്. വര്‍ഗീയതയും ഫാസിസവും ഈ പുണ്യഭൂമിയിലേക്ക് കടക്കാന്‍ അനുവദിക്കരുത്. എഴുത്തുകാരും സര്‍ക്കാരും ജനനന്മക്കായി ഒന്നിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read more
പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ സ്മരണിക പ്രശസ്ത സാഹിത്യകാരന്‍ ദേവ്ദത്ത് പട്നായിക്ക് പ്രകാശനം ചെയ്തു. ഡോ.മന്‍മോഹന്‍ സിംഗിനും എം ടി വാസുദേവന്‍ നായര്‍ക്കും അനുശോചനം അര്‍പ്പിച്ച് ആരംഭിച്ച ഉദ്ഘാടന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്വാഗതം ആശംസിച്ചു. മന്ത്രിമാരായ കെ ബി ഗണേഷ് കുമാര്‍, ജി ആര്‍ അനില്‍, ചീഫ് വിപ്പ് ഡോ എന്‍ ജയരാജ്, ജില്ലാ കളക്ടര്‍ അനുകുമാരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നിയമസഭ സെക്രട്ടറി ഡോ എന്‍ കൃഷ്ണകുമാര്‍ നന്ദി പറഞ്ഞു.