തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകന് എസ്എഫ്ഐ നേതാവിന്‍റെ ഭീഷണി. എസ്എഫ്ഐ നേതാവ് മഹേഷ് കെഎസ്‌യു പ്രവര്‍ത്തകന്‍ നിതിന്‍ രാജിനെ മര്‍ദ്ദിക്കുന്നതിന് മുമ്പ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ വെച്ച് നിതിനെ മർദ്ദിക്കുന്നതിന് മുമ്പാണ് ഭീഷണിപ്പെടുത്തിയത്.
രണ്ടാംവര്‍ഷ എം.എ. ചരിത്രവിദ്യാര്‍ത്ഥിയും കെ.എസ്.യു. യൂണിറ്റ് അംഗവുമായ നിതിന്‍രാജിനെതിരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിരുന്നു. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ കെഎസ്‍യു പ്രവർത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോളജിൽ പഠിപ്പുമുടക്ക് ആഹ്വാനം ചെയ്ത ശേഷമായിരുന്നു ആക്രമണമെന്നായിരുന്നു ആരോപണം.
എസ്.എഫ്.ഐ പ്രവര്‍ത്തകനായ മഹേഷിന്റെ നേതൃത്വത്തിലെത്തിയവരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് നിതിന്‍ പൊലീസിനോടു പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുമുണ്ട്. കെ.എസ്.യു പ്രവര്‍ത്തകനായി നിന്നെ വാഴിക്കില്ലെന്നും എസ്എഫ്‌ഐക്കാരനാക്കുമെന്നും ഇയാള്‍ നിതിന്‍ രാജിനെ ഭീഷണിപ്പെടുത്തുന്നുണ്ട്. 10 മിനിറ്റോളമുള്ള വീഡിയോയില്‍ നിരന്തരമായി മഹേഷ് നിതിന്‍ രാജിനെ വകവരുത്തുമെന്ന തരത്തിലാണ് ഭീഷണി മുഴക്കുന്നത്.
നിതിനൊപ്പം മുറിയില്‍ താമസിക്കുന്ന സുദേവ് എന്ന വിദ്യാര്‍ത്ഥിക്കും മര്‍ദ്ദനമേറ്റിരുന്നു. ബുധനാഴ്ച രാത്രി ഹോസ്റ്റല്‍ മുറിയില്‍ വെച്ച് വളഞ്ഞിട്ട് തല്ലുകയായിരുന്നു. ദേഹമാസകലം അടിയേറ്റ പാടുണ്ട്. നിതിന്റെ ഇടത് കൈയിലും മുഖത്തും സാരമായി പരിക്കേറ്റു. നിതിനെ ആശുപത്രിയിലെത്തിച്ചശേഷം വസ്ത്രമെടുക്കാന്‍ വന്നപ്പോഴാണ് സുദേവിന് അടി കൊണ്ടത്.
ആക്രമണത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായും വിശദമായ അന്വേഷണം ആവശ്യമാണെന്നും കെ.എസ്.യു. ആവശ്യപ്പെട്ടിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളജില്‍ കത്തിക്കുത്ത് സംഭവത്തിനു പിന്നാലെ കെ.എസ്.യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ യൂണിറ്റ് ആരംഭിച്ചിരുന്നു. ഇതാണ് ആക്രമണത്തിനു കാരണമെന്ന് കെ.എസ്.യു ആരോപിച്ചു.