ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ വന്‍ മോഷണം; 'തെറ്റിയോട് ദേവി'യും സംഘവും 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്നു, കുടുംബത്തെ കുരുതി കൊടുക്കുമെന്ന് ഭീഷണി

തിരുവനന്തപുരം വെള്ളായണിയില്‍ ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ വന്‍ കവര്‍ച്ച. തെറ്റിയോട് ദേവിയെന്ന് അവകാശപ്പെടുന്ന കളിയിക്കാവിളയിലെ ആള്‍ദൈവവും സംഘവും ചേര്‍ന്ന് പൂജയുടെ മറവില്‍ 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്നു.

കളിയിക്കാവിള സ്വദേശിനിയായ ആള്‍ദൈവം വിദ്യയും സംഘവും കുടുംബത്തിലെ ശാപം മാറ്റാനുള്ള പൂജയ്ക്കായാണ് വെള്ളായണി സ്വദേശി വിശ്വംഭരന്റെ വീട്ടില്‍ എത്തിയത്. 2021 ലായിരുന്നു ഇത്. സ്വര്‍ണവും പണവും പൂജാമുറിയില്‍ അടച്ചുവച്ച് പൂജിച്ചാലേ ഫലം കിട്ടൂവെന്ന് പറഞ്ഞാണ് മുതല്‍ കൈക്കലാക്കിയത്.

തുടര്‍ന്ന് ഇത് പൂജാമുറിയിലെ അലമാരയില്‍ വെച്ച് അടച്ചെന്ന് വീട്ടുകാരെ ബോധിപ്പിച്ചു, 15 ദിവസത്തിന് ശേഷം തുറക്കാം എന്ന് പറഞ്ഞ് സംഘം മടങ്ങി.

പതിനഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ അലമാര തുറക്കാന്‍ ആള്‍ദൈവമെത്തിയില്ല. അന്വേഷിച്ചപ്പോള്‍ ശാപം തീര്‍ന്നില്ലന്നും മൂന്ന് മാസം കഴിയുമെന്ന് മറുപടി. പിന്നീടത് ഒരു വര്‍ഷമായി. ഒടുവില്‍ ഗതികെട്ട് വീട്ടുകാര്‍ തന്നെ അലമാര തുറന്നപ്പോള്‍ സ്വര്‍ണവുമില്ല, പണവുമില്ല.

Read more

കവര്‍ച്ച മുതല്‍ തിരികെ ചോദിച്ചപ്പോള്‍ കുടുംബത്തെ ഒന്നാകെ കുരുതികൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.