തിരുവനന്തപുരം വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രന് വധശിക്ഷ

തിരുവനന്തപുരം അമ്പലംമുക്കിലെ അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണം സ്വദേശിനി വിനീത(38)യെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. കേസിലെ ഏകപ്രതിയായ കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രനെ തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൺ മോഹനാണ് വധശിക്ഷയ്ക്ക് വിധിച്ചത്.

വിനീതയുടെ കഴുത്തിൽക്കിടന്ന നാലരപ്പവന്റെ മാല കവരുന്നതിനായി പ്രതി വിനീതയെ കുത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഏപ്രിൽ പത്തിന് കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് പ്രതിയെ സംബന്ധിച്ചുള്ള ഏഴ് റിപ്പോർട്ടുകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചു. പ്രതിയുടെ മാനസികനില ഉൾപ്പെടെ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ഈ റിപ്പോർട്ടുകളും പരിഗണിച്ചശേഷമാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.

ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ച പ്രോസിക്യൂഷൻ 118 സാക്ഷികളിൽ 96 പേരെ സാക്ഷികളായി വിസ്തരിച്ചു. പ്രതിയുടെ സഞ്ചാരപഥം വ്യക്തമാക്കുന്നതിന് സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ 12 പെൻഡ്രൈവ്, ഏഴ് ഡിവിഡി എന്നിവയും 222 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദ്ദീൻ ഹാജരായി.

2022 ഫെബ്രുവരി ആറിന് പകൽ 11.50നാണ് ചെടി വാങ്ങാൻ എന്ന വ്യാജേന എത്തി പ്രതി കൊലപാതകം നടത്തിയത്. കൊല്ലപ്പെടുന്നതിന് ഒൻപതു മാസം മുൻപാണ് വിനീത ഇവിടെ ജോലിക്കെത്തിയത്. ഹൃദ്രോഗബാധിതനായ ഭർത്താവ് മരിച്ചതിനെ തുടർന്ന് രണ്ടു മക്കളെ പോറ്റുന്നതിനാണ് അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരിയായത്.

തോവാള വെള്ളമഠം സ്വദേശിയും കസ്റ്റംസിലെ ഉദ്യോഗസ്ഥനുമായ സുബ്ബയ്യ, ഭാര്യ വാസന്തി, വളർത്തു മകൾ 13കാരിയായ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ കഴിയവേയാണ് പ്രതി വിനീതയെ കൊലപ്പെടുത്തിയത്. പ്രതി എത്തുന്നതും സംഭവസ്ഥലത്തു നിന്ന് മടങ്ങിപ്പോകുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി, പ്രതിയുടെ കൊലപാതകത്തിലെ പങ്ക് വ്യക്തമാക്കി.