കൂട്ടംകൂടി നിന്നുള്ള പ്രതിഷേധം; തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടർമാരുടെ സമരത്തിന് എതിരെ കേസെടുക്കും
Web Desk
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ പ്രതിഷേധത്തിനെതിരെ കേസെടുക്കുമെന്ന് പൊലീസ്. നിരോധനാജ്ഞ ലംഘിച്ചതിന് നടപടിയെടുക്കുമെന്നാണ് പൊലീസ് പറയുന്നത്. കൂട്ടംകൂടി നിന്നാണ് ഡോക്ടർമാരുടെ പ്രതിഷേധം.
ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന കോവിഡ് രോഗിയെ പുഴുവരിച്ചെന്ന പരാതിയിൽ ആശുപത്രി ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. നടപടി പിൻവലിക്കണമെന്ന് നേരത്തെ ഡോക്ടർമാർ ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാതെ വന്നതോടെയാണ് സമരവുമായി രംഗത്തെത്തിയത്.
അതേസമയം ഒപികളുടെ പ്രവർത്തനത്തെ ഡോക്ടർമാരുടെ സമരം സാരമായി ബാധിച്ചിട്ടില്ല. കെജിഎംസിടിഎ യൂണിറ്റ് പ്രസിഡന്റ് ഇന്ന് 48 മണിക്കൂർ നീളുന്ന സത്യഗ്രഹം തുടങ്ങും. റിലേ സത്യഗ്രഹം തീരും മുമ്പ് സസ്പെൻഷൻ നടപടി പിൻവലിച്ചില്ലെങ്കിൽ കോവിഡ് ഇതര ഡ്യൂട്ടി ബഹിഷ്കരിച്ച് പണിമുടക്കിലേക്ക് പോകുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. നടപടി പിൻവലിച്ചില്ലെങ്കിൽ പണിമുടക്കിലേക്ക് പോകുമെന്ന് നഴ്സുമാരും പറയുന്നു. അതേസമയം, അന്വേഷണത്തിൽ നടപടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.