തിരുവോണ ദിനം വീട്ടമ്മയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; ഡോ ശ്രീക്കുട്ടിയുടെ ജാമ്യം നിഷേധിച്ച് കോടതി

കൊല്ലം മൈനാഗപ്പള്ളിയ്ക്ക് സമീപം ആനൂര്‍കാവില്‍ തിരുവോണ ദിവസം സ്‌കൂട്ടര്‍ യാത്രികയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഡോ ശ്രീക്കുട്ടിയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. ശാസ്താംകോട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസിലെ രണ്ടാം പ്രതിയായ ശ്രീക്കുട്ടിയുടെ ജാമ്യ ഹര്‍ജി തള്ളിയത്.

ജാമ്യ ഹര്‍ജി കോടതി തള്ളിയതോടെ ശ്രീക്കുട്ടി റിമാന്റില്‍ തുടരും. കേസിലെ ഒന്നാം പ്രതിയായ അജ്മല്‍ റിമാന്റിലാണ്. തിരുവോണ ദിനത്തില്‍ മൈനാഗപ്പള്ളി ആനൂര്‍കാവില്‍ വൈകുന്നേരം 5.30ഓടെ ആയിരുന്നു ശ്രീക്കുട്ടിയും അജ്മലും യാത്ര ചെയ്ത വാഹനം സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചത്.

തുടര്‍ന്ന് റോഡില്‍ വീണ് പരിക്കേറ്റ ആനൂര്‍കാവ് പഞ്ഞിപുല്ലും വിളയില്‍ കുഞ്ഞുമോളുടെ ശരീരത്തിലൂടെ അജ്മല്‍ കാര്‍ കയറ്റി ഇറക്കി ഇരുവരും രക്ഷപ്പെടുകയായിരുന്നു. അപകടത്തിന് പിന്നാലെ കാര്‍ മുന്നോട്ടെടുക്കാന്‍ അജ്മലിനെ നിര്‍ബന്ധിച്ചത് ശ്രീക്കുട്ടിയാണെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഇരുവരെയും പിന്തുടര്‍ന്ന് നാട്ടുകാരാണ് പിടികൂടിയത്. നാട്ടുകാര്‍ വാഹനം തടഞ്ഞതോടെ ശ്രീക്കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും നാട്ടുകാര്‍ ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നാട്ടുകാരുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ട അജ്മലിനെ പിന്നീട് പൊലീസ് പിടികൂടി.

അതേസമയം സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച് കേസില്‍ പ്രതിയായ ഡോ ശ്രീക്കുട്ടിയുടെ അമ്മ സുരഭി രംഗത്തെത്തിയിട്ടുണ്ട്. ശ്രീക്കുട്ടി കേസില്‍ നിരപരാധിയാണെന്നും സംഭവങ്ങള്‍ക്ക് പിന്നില്‍ ശ്രീക്കുട്ടിയുടെ ആദ്യ ഭര്‍ത്താവ് സോണിയും കേസിലെ പ്രതിയായ അജ്മലും ആണെന്നായിരുന്നു ആരോപണം.

ശ്രീക്കുട്ടി കേസില്‍ നിരപരാധിയാണ്. അവള്‍ ആരെയും ഉപദ്രവിക്കില്ല. ആരുടെയും വാഹനത്തില്‍ കയറില്ല. മകളെ അവര്‍ മയക്കുമരുന്ന് നല്‍കി പാകപ്പെടുത്തിയെന്ന് സംശയിക്കുന്നു. അവളുടെ ആഭരണങ്ങളെല്ലാം അവന്‍ കൈക്കലാക്കി. അവള്‍ക്കുണ്ടായിരുന്ന രണ്ട് വാഹനങ്ങളും അവന്‍ അപഹരിച്ചെടുത്തുവെന്നും സുരഭി പറയുന്നു.

സംഭവങ്ങള്‍ക്ക് പിന്നില്‍ ശ്രീക്കുട്ടിയുടെ ആദ്യ ഭര്‍ത്താവ് സോണിയാണെന്നാണ് സുരഭിയുടെ ആരോപണം. തന്റെ മകളെ അകത്താക്കാന്‍ വേണ്ടി സോണിയും അജ്മലും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് സംഭവമെന്നും സുരഭി കൂട്ടിച്ചേര്‍ത്തു. കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ജോലി നോക്കുമ്പോഴായിരുന്നു അജ്മലും ശ്രീക്കുട്ടിയും പരിചയത്തിലാകുന്നത്.

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിനിയാണ് ശ്രീക്കുട്ടി. കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനു സമീപത്തെ വാടക വീട്ടിലായിരുന്നു ശ്രീക്കുട്ടിയുടെ താമസം. ഈ വീട്ടില്‍ സ്ഥിരം മദ്യപാനം നടക്കാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അപകടം നടന്ന തിരുവോണ ദിവസം മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍നിന്ന് മദ്യപിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്.

Read more

കേസിലെ ഒന്നാം പ്രതി അജ്മല്‍ കൊല്ലം ജില്ല ജയിലിലും ശ്രീക്കുട്ടി തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലുമാണ്. അപകടമുണ്ടാക്കിയ കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അപകട ശേഷം കാറിന് ഓണ്‍ലൈന്‍ വഴി ഇന്‍ഷുറന്‍സ് പുതുക്കിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.