ലഹരിക്കേസുമായു ബന്ധപ്പട്ട് ഏത് പരാതി വന്നാലും അന്വേഷിക്കുമെന്ന് എക്സസൈസ് മന്ത്രി എം ബി രാജേഷ്. നടി വിൻസി അലോഷ്യസ് ഷൈൻ ടോം ചാക്കോക്കെതിരെ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഏതെങ്കിലും വ്യക്തി എന്നതിന്റെ അടിസ്ഥാനത്തിലല്ല വരുന്ന പരാതിയുടെയും ലഭിക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുകയെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു.
മുൻപത്തെ ലഹരികേസിൽ ഷൈൻ ടോം ചാക്കോയെ വെറുതെ വിട്ടത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ച കണക്കിലെടുത്തായിരുന്നെന്നും മന്ത്രി പറഞ്ഞു. അത് യുഡിഎഫ് സർക്കാരിന്റെ സമയത്തായിരുന്നെന്നും ആ കേസുമായി ബന്ധപ്പെട്ട് കോടതി പൊലീസിനെ വിമർശിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു. പിണറായി സർക്കാർ ആ കേസിൽ ഉത്തരവാദി അല്ലെന്നും അക്കാര്യം നിയമസഭയിൽ തൻ വ്യക്തമാക്കിയതാണെന്നും എം ബി രാജേഷ് പറഞ്ഞു.
അതിനിടെ നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ചാണെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകി. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്നായിരുന്നു വിൻസിയുടെ പരാതി.
പുറത്തിറങ്ങാൻ പോകുന്ന സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ ആയിരുന്നു മോശം പെരുമാറ്റം. കഴിഞ്ഞ ദിവസമാണ് സിനിമാ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് സഹതാരം മോശമായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തിയത്. സംഭവത്തിൽ കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർനടപടിയുണ്ടാകുമെന്ന് എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സ്‌റ്റേറ്റ് ഇൻ്റലിജൻസും അന്വേഷണം തുടങ്ങിയിരുന്നു. വിന്‍സിയില്‍ നിന്ന് പരാതി വാങ്ങി കേസെടുക്കാന്‍ പൊലീസും ശ്രമം ആരംഭിച്ചിരുന്നു.