തനിക്കെതിരെ വ്യക്തിഅധിക്ഷേപ പ്രസംഗം നടത്തിയ സിപിഎം എംഎല്‍എ എം.എം മണിക്കെതിരെ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും നിലവിലെ എംപിയുമായ ഡീന്‍ കുര്യാക്കോസ്. എംഎം മണി നടത്തിയത് തെറിയഭിഷേകമാണെന്നും അതൊന്നും നാടന്‍ പ്രയോഗമായി കണക്കാക്കാന്‍ കഴിയില്ലെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
‘നേരത്തെയും എനിക്കെതിരെ ഇത്തരത്തില്‍ പദപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. ഇങ്ങനെ പദപ്രയോഗം നടത്താന്‍ ലൈസന്‍സ് കിട്ടിയിട്ടുണ്ടെന്ന തെറ്റിദ്ധാരണയിലാണ് എംഎം മണി. ഇതൊന്നും നാടന്‍പ്രയോഗമായി കരുതാനാവില്ല. തെറിക്കുത്തരം മുറിപ്പത്തല്‍ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കില്‍ എന്റെ ഭാഷാശൈലി അതല്ല.’
‘ഇടുക്കി ഇപ്പോള്‍ അനുഭവിക്കുന്ന മുഴുവന്‍ ബുദ്ധിമുട്ടുകള്‍ക്കും കാരണം ഇടതുസര്‍ക്കാരാണെന്നും എംഎം മണി മന്ത്രി ആയിരുന്ന കാലത്താണ് ബഫര്‍ സോണ്‍ ഉത്തരവും നിര്‍മ്മാണ നിരോധനവും കൊണ്ടുവന്നത്. എന്തുകൊണ്ട് അതിനെ എതിര്‍ത്തില്ലെന്ന് എംഎം മണി വ്യക്തമാക്കണം. തെറിയഭിഷേകം നടത്തിയ ശ്രദ്ധ തിരിച്ചുവിടാം എന്നാണ് മണി ആഗ്രഹിക്കുന്നതെങ്കില്‍ നടക്കില്ല’ ഡീന്‍ കൂട്ടിച്ചേര്‍ത്തു.
ഇടുക്കി തൂക്കുപാലത്ത് അനീഷ് രാജന്‍ അനുസ്മരണ സമ്മേളനത്തിലായിരുന്നു എംഎം മണിയുടെ അധിക്ഷേപ പ്രസംഗം. ഡീന്‍ കുര്യക്കോസ് ഷണ്ഡനാണെന്നും ‘ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നു’ എന്ന നിലയിലാണെന്നും പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോള്‍ ഒലത്താം എന്നു പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ടെന്നുമായിരുന്നു മണിയുടെ പരിഹാസം.