'ഇതൊന്നും സിപിഎമ്മിന് പുത്തരിയല്ല'; ഗൂഢാലോചന കേസുകള്‍ കണ്ട് ഭയപ്പെടില്ലെന്ന് പി ജയരാജന്‍

ഗൂഢാലോചന കേസുകള്‍ കാണിച്ച് സിപിഎമ്മിനെ ഭയപ്പെടുത്താമെന്ന ധാരണ വേണ്ടെന്ന് സിപിഎം നേതാവ് പി ജയരാജന്‍. ഗൂഢാലോചന കേസുകള്‍ പാര്‍ട്ടിയ്ക്ക് പുത്തരിയല്ലെന്നും പി ജയരാജന്‍ പറഞ്ഞു. അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ ഗൂഢാലോചന കുറ്റം നിലനില്‍ക്കുമെന്ന് സിബിഐ കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെയാണ് ജയരാജന്റെ പ്രസ്താവന.

കേസില്‍ പി ജയരാജനും ടിവി രാജേഷും വിചാരണ നേരിടണമെന്ന് കോടതി കഴിഞ്ഞ വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ജയരാജന്‍ രംഗത്തെത്തിയത്. മാധ്യമങ്ങളെ ഉപയോഗിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ച് പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കം നടക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു.

ഇത്തരം പ്രവണതകളെ ജനങ്ങളെ അണിനിരത്തി ചെറുത്ത് തോല്‍പ്പിക്കുമെന്നും പി ജയരാജന്‍ പറഞ്ഞു. 2012 ഫെബ്രുവരി 20ന് ആയിരുന്നു എംഎസ്എഫ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ വധം. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനും എംഎല്‍എ ആയിരുന്ന ടിവി രാജേഷും സഞ്ചരിച്ച വാഹനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ഷുക്കൂര്‍ കൊല്ലപ്പെട്ടത്.