സമസ്തവേദിയില്‍ നിന്ന് പത്താം ക്ലാസുകാരിയെ ഇറക്കിവിട്ട സംഭവത്തില്‍ പ്രതികരിച്ച് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. മുസ്ലീം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ മേഖലയില്‍ നല്ല മുന്നേറ്റം നടത്തുന്നുണ്ട്. ഇത് പെണ്‍കുട്ടികള്‍ തീപ്പന്തമായി കത്തി നില്‍ക്കുന്ന കാലമാണ്. അവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
സംഭവത്തില്‍ നിരവധി നേതാക്കളും സംഘടനകളും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടിയുടെ ആത്മാഭിമാനം തകര്‍ക്കുന്ന നടപടിയാണ് ഉണ്ടായത്.ഇനി ജീവിതത്തില്‍ ഒരു പുരുഷന്റെ മുന്നിലും പ്രത്യക്ഷപ്പെടാന്‍ പെണ്‍കുട്ടി ധൈര്യം കാണിക്കും എന്ന് കരുതുന്നില്ല. ഹൃദയം തകരുന്ന കാഴ്ചയാണ് സമസ്ത വേദിയില്‍ ഉണ്ടായതെന്നും കെസിബിസി മുന്‍വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് ദീപിക ദിനപത്രത്തിലെ ലേഖനത്തില്‍ വിമര്‍ശിച്ചു.
ഖുറാന്‍ തത്വങ്ങള്‍ക്കും ഭരണഘടനയ്ക്കും വിരുദ്ധമായി മുസ്ലീം പുരോഹിതസമൂഹം സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് സംഭവം എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചിരുന്നു.മുസ്ലീം കുടുംബത്തില്‍ ജനിച്ചത് കൊണ്ടാണ് ആ കുട്ടി അപമാനിക്കപ്പട്ടത് എന്നും ഗവര്‍ണര്‍ പറഞ്ഞു.
സമസ്ത നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം തീര്‍ത്തും അപലപനീയമാണെന്നും മതനേതൃത്വത്തിന്റെ നീക്കം ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. സമൂഹത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് പിന്തിരിഞ്ഞു നടത്തിക്കാനുള്ള മതനേതൃത്വത്തിന്റ നീക്കങ്ങള്‍ക്കെതിരേ സമൂഹ മനഃസാക്ഷി ഉണരണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവിയും കഴിഞ്ഞ ദിവസം പറഞ്ഞു.