പിണറായി വിജയൻ ഒരു കമ്മ്യൂണിസ്റ്റ് അല്ലെന്ന് ഓരോ ദിവസവും തെളിയിക്കുകയാണെന്ന് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. ചങ്ങാത്ത മുതലാളിത്തത്തിന്‍റെ ഭാഗമാണിതെന്നും ചെന്നിത്തല പറഞ്ഞു. പാലക്കാട് ബ്രൂവറി പ്ലാന്റിനെ വിമർശിച്ച് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. സർക്കാർ കർഷകരോടും സാധാരണക്കാരോടും ചെയ്യുന്ന ക്രൂരതയാണിതെന്നും രമേശ്‌ചെന്നിത്തല പറഞ്ഞു.
ഇൻവെസ്റ്റ് മെന്‍റിന്‍റെ പേരിൽ മുഖ്യമന്ത്രി എടുക്കുന്ന നിലപാട് വളരെ തെറ്റാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോഴാണ് അച്യുതാനന്ദന്‍റെ പ്രാധാന്യം ജനങ്ങൾക്ക് മനസിലാവുന്നത്. കൊക്കക്കോളയ്ക്കെതിരെ സമരം നടത്തിയ അച്യുതാനന്ദൻ എടുത്ത നിലപാടുകളെ ജനമിപ്പോൾ ഓർക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. കുടിവെള്ളത്തിനുവേണ്ടി പ്രയാസപ്പെടുന്ന ജനമാണ് അവിടെയുള്ളത്. അവർക്കു മുന്നിലാണ് എല്ലാവിധത്തിലുമുള്ള മദ്യ നിർമാണം ആരംഭിക്കുന്നതാനായി സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അത് വലിയ തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം നേതൃമാറ്റം വേണോ വേണ്ടയോ എന്നത് ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതിവിടെ തീരുമാനിക്കുകയോ ചർച്ചചെയ്യുകയോ വേണ്ട വിഷയമല്ല. തിരഞ്ഞെടുപ്പിലേക്ക് കടക്കാൻ പോകുന്ന സന്ദർഭമാണ്. അതുകൊണ്ട് എല്ലാവരും ഒന്നിച്ചു നിന്ന് പ്രവർത്തിക്കണം. പാർട്ടിയിൽ സമ്പൂർണമായ ഐക്യം ഊട്ടിയുറപ്പിക്കേണ്ട സമയമാണിതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.