തോമസ് ചാണ്ടിയുടെ ഹര്‍ജി ; രണ്ടാമത്തെ സുപ്രീം കോടതി ജഡ്ജിയും പിന്മാറി

മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് മറ്റൊരു സുപ്രീം കോടതി ജഡ്ജികൂടി പിന്മാറി. ജസ്റ്റിസ് അഭയ് മനോഹര്‍ സപ്രെയാണ് ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് പിന്മാറിയത്. രണ്ടാമത്തെ ജഡാജിയുടെ പിന്മാറ്റം തോമസ് ചാണ്ടിയുടെ അഭിഭാഷകന്റെ എതിര്‍പ്പ് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കാരണങ്ങള്‍ എന്തുമാകട്ടെ, കേസ് കേള്‍ക്കില്ലെന്ന് ജസ്റ്റിസ് സപ്രെ മാധ്യമങ്ങളോട് പ്രതികരിച്ചു.

കായല്‍ കയ്യേറ്റ കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറുന്ന രണ്ടാമത്തെ സുപ്രീംകോടതി ജഡ്ജാണ് സപ്രെ. നേരത്തെ ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് പിന്‍മാറിയിരുന്നു. കേസിന്റെ വാദം വെള്ളിയാഴ്ച പുതിയ ബഞ്ച് കേള്‍ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കായല്‍ കൈയേറ്റ കേസില്‍ ഹൈക്കോടതി വിധിക്കെതിരെയാണ് തോമസ് ചാണ്ടി ഹര്‍ജി നല്‍കിയത്. വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രിം കോടതിയെ സമീപിച്ചത്.

Read more

സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായാല്‍ മന്ത്രിസഭയില്‍ തിരിച്ചുവരുന്ന കാര്യം പരിഗണനയിലുണ്ടെന്ന് തോമസ് ചാണ്ടിയും എന്‍സിപിയും നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്ന എന്‍സിപി നേതാക്കളായ എകെ ശശീന്ദ്രന്‍, തോമസ് ചാണ്ടി എന്നിവരില്‍ ആരാണോ ആദ്യം കേസില്‍നിന്ന് ഒഴിവാകുന്നത് അവര്‍ക്കു മന്ത്രിസ്ഥാനം എന്നാണ് പാര്‍ട്ടി നയം. എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസ് തീര്‍പ്പാക്കുന്നതിനുള്ള അപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.