തോമസ് ചാണ്ടിക്കെതിരെയുള്ള കേസ് അട്ടിമറിക്കുന്നു; വിജിലന്‍സ് സംഘത്തെ മാറ്റി പ്രതിഷ്ഠിച്ചു; ആദ്യ സംഘത്തിലെ ആരും പുതിയ സംഘത്തില്‍ ഇല്ല

മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കേസ് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചു. കോട്ടയം യൂണിറ്റിന് പകരം തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കും. ആദ്യ സംഘത്തിലെ ആരും പുതിയ സംഘത്തില്‍ ഇല്ല. ആദ്യ സംഘമാണ് തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന റിപ്പോര്‍ട്ട് കൈമാറിയത്. വലിയകുളം- സീറോ ജെട്ടി കേസ് അന്വേഷിക്കുന്ന സംഘത്തെയാണ് മാറ്റിയിരിക്കുന്നത്. എന്നാല്‍ അന്വേഷണസംഘത്തെ മാറ്റിയത് സ്വാഭാവിക നടപടി മാത്രമാണെന്ന് വിജിലന്‍സ് വ്യക്തമാക്കി.

അതേ സമയം വലിയകുളം-സീറോ ജെട്ടി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസ് കോട്ടയം വിജിലന്‍സ് കോടതി ഇന്നു പരിഗണിക്കും. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വിജിലന്‍സ് കോടതിയെ അറിയിക്കും. ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് തോമസ് ചാണ്ടിക്കെതിരെ കേസ് എടുത്തത്.

Read more

ഗൂഡാലോചന, അധികാരദുര്‍വിനിയോഗം, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിക്കല്‍ എന്നിവ നടന്നതായി ത്വരിതാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മുന്‍ ആലപ്പുഴ കളക്ടര്‍മാരായ പി. വേണുഗോപാല്‍, സൗരവ് ജെയിന്‍ എന്നിവരുള്‍പ്പെടെ 22 പേര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് പണിതത് പാടം നികത്തിയാണെന്നാണ് ത്വരിതാന്വേഷണത്തിലെ കണ്ടെത്തല്‍.