ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയപ്പോഴത്തെ അന്തരീക്ഷമല്ല ഇപ്പോഴുള്ളതെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം തോമസ് ഐസക്ക്. 400 സീറ്റിന്റെ മുദ്രാവാക്യവുമായിട്ടാണ് ബിജെപി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത്. എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഫലം അനിശ്ചിതാവസ്ഥയിലാണ്. 400 സീറ്റ് പോയിട്ട് കേവലഭൂരിപക്ഷം കിട്ടില്ലായെന്ന ശക്തമായ പ്രവചനങ്ങളും ഉണ്ടായിക്കഴിഞ്ഞുവെന്ന് അദേഹം പറഞ്ഞു.
(1) ഏപ്രില്‍ 1-നുശേഷം വിദേശനിക്ഷേപകര്‍ 30,000 കോടി രൂപയോളം ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിച്ചു. ഇതിന്റെ ഫലമായി സെന്‍സെക്‌സ് രണ്ട് ശതമാനത്തിലേറെ ഇടിയുകയും ചെയ്തു. 2014-ലും 2019-ലും നേരെ മറിച്ചായിരുന്നു സ്ഥിതി. നാലാംഘട്ടം വരെയുള്ള തെരഞ്ഞെടുപ്പ് കാലത്ത് യഥാക്രമം സെന്‍സസ് സൂചിക 3.7 ശതമാനവും 2.2 ശതമാനവും ഉയരുകയാണ് ചെയ്തത്. വിദേശനിക്ഷേപവും ഗണ്യമായി ഉയര്‍ന്നു. തെരഞ്ഞെടുപ്പ് മാത്രമല്ല, സ്റ്റോക്ക് മാര്‍ക്കറ്റിനെ സ്വാധീനിക്കുന്നത് എന്നത് വാസ്തവം തന്നെ. എന്നാല്‍ അമിത് ഷായ്ക്കു തന്നെ നിക്ഷേപകരെ സമാധാനിപ്പിക്കാന്‍ തങ്ങള്‍ തന്നെയായിരിക്കും അധികാരത്തില്‍ തിരിച്ചുവരികയെന്നും ജൂണ്‍ 4-ന് ഓഹരിവിലകള്‍ കുത്തനെ ഉയരുമെന്നും അതുകൊണ്ട് ഓഹരികള്‍ വിറ്റഴിക്കുന്നത് യുക്തിപരമല്ലെന്നും വിശദീകരിക്കേണ്ടിവന്നു.
(2) അത്ഭുതപ്പെടുത്തുന്ന സ്വീകാര്യതയാണ് ‘ധ്രുവ് റാഠി’യേയും ‘രവിഷ് കുമാറി’നേയും പോലുള്ള യൂട്യൂബര്‍മാരുടെയും ബദല്‍ സാമൂഹ്യമാധ്യമങ്ങളുടെയും മോദി വിരുദ്ധ പോസ്റ്റുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ധ്രുവ് റാഠിയുടെ മൂന്ന് യൂട്യൂബ് ചാനലുകളിലായി 2.56 കോടി വരിക്കാരാണുള്ളത്. രാഷ്ട്രീയ വിശദീകരണത്തിനുള്ള ഹിന്ദി ചാനലിന് 1.9 കോടി ആളുകളാണ് വരിക്കാരായുള്ളത്. ഓരോ വീഡിയോയും കോടിക്കണക്കിനായ ആളുകളാണ് കാണുന്നത്. ഏറ്റവും പുതിയ വീഡിയോയായ ‘മോദി ദി റിയല്‍ സ്റ്റോറി’ 24 മണിക്കൂറിനകം കണ്ടത് ഒരുകോടി ആളുകളാണ്. മോദി വിരുദ്ധ വീഡിയോ കാണാന്‍ താല്പര്യപ്പെടുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിച്ചുവരികയാണ്. അതേസമയം മോദിയുടെ റാലി വീഡിയോ കാണുന്ന ആളുകളുടെ എണ്ണം കുറഞ്ഞുവരികയാണ്.
(3) സോഷ്യല്‍ മീഡിയ ക്യാമ്പയിനിന്റെ ഈ വിജയം മുഖ്യധാര മാധ്യമങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. തങ്ങളുടെ വരിക്കാരെയും പ്രേക്ഷകരെയും പിടിച്ചുനിര്‍ത്തുന്നതിന് പ്രതിപക്ഷ വാര്‍ത്തകള്‍ കൊടുക്കുന്നതിന് അവര്‍ നിര്‍ബന്ധിതരായി തീരുന്നു. ഇതിന് ഏറ്റവും നല്ല ഉദാഹരണം കെജറിവാളിന്റെ മോചനമാണ്. കെജറിവാളിന്റെ സ്വീകരണത്തിലും മറ്റും പ്രേക്ഷകരില്‍ നല്ലൊരുപങ്ക് തങ്ങളുടെ ഫോണുകളില്‍ നിന്നും ലൈവ് കൊടുത്തുകൊണ്ടിരിക്കുന്നതു കാണാം. മുഖ്യധാര മാധ്യമങ്ങള്‍ക്കും മാറിനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. മോദിയുടെ വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ക്കെതിരെ പല അച്ചടി മാധ്യമങ്ങള്‍ക്കും എഡിറ്റോറിയല്‍ എഴുതേണ്ടി വന്നു.
(4) ഏറ്റവും പ്രധാനപ്പെട്ട സൂചന മോദിയുടെയും ബിജെപിയുടെയും ക്യാമ്പയിന്റെ ഉള്ളടക്കത്തില്‍ വന്ന മാറ്റമാണ്. 400 സീറ്റിന്റെ വമ്പ് കഥകളും വികസനനേട്ടങ്ങളും പറഞ്ഞാണ് തെരഞ്ഞെടുപ്പ് കാമ്പയിന്‍ ആരംഭിച്ചത്. എന്നാല്‍ രണ്ടാംഘട്ടം കഴിഞ്ഞതോടെ വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ക്ക് മോദി തന്നെ മുന്‍കൈയെടുത്തു. ഒരു പ്രധാനമന്ത്രിയില്‍ നിന്നും ഇത്രയും വിഷലിപ്തമായ വര്‍ഗ്ഗീയത നാം ഇതുവരെ കേട്ടിട്ടില്ല. ഓരോ ഘട്ടത്തിന്റെയും എക്‌സിറ്റ് പോളുകള്‍ നടക്കുന്നുണ്ട്. നമുക്ക് അവയുടെ ഫലം നാലാം തീയതിയേ അറിയൂ. പക്ഷേ, ഭരിക്കുന്നവര്‍ക്ക് നേരത്തേ അറിയാമല്ലോ. അതിന്റെ വെപ്രാളമാണ് പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളില്‍ പ്രതിഫലിക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഏതായാലും ഈ വെപ്രാളംകൊണ്ട് അദാനി-അംബാനി പരാമര്‍ശം പോലുള്ള മഠയത്തരങ്ങളും മോദിയുടെ വായില്‍ നിന്നും വീഴുന്നു.
ചുരുക്കത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ മുന്നേറുന്തോറും മോദിക്കും എന്‍ഡിഎയ്ക്കും എതിരായി കാറ്റ് വീശുകയാണ്.