'പൊതുസ്വത്ത് വെട്ടിപ്പിടിക്കലാണ് നടന്നു കൊണ്ടിരിക്കുന്നത്'; ആറ് ലക്ഷം കോടിയുടെ ആസ്തി വിറ്റഴിക്കുമെന്ന നിര്‍മ്മല സീതാരാമന്‍റെ  പ്രഖ്യാപനത്തിന് എതിരെ തോമസ് ഐസക്

അടുത്ത നാല് വർഷം കൊണ്ട് കേന്ദ്ര സർക്കാർ ആറ് ലക്ഷം കോടി രൂപയുടെ ആസ്തികൾ വിറ്റഴിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി തോമസ് ഐസക്.  നിയോ ലിബറൽ കാലത്തെ പ്രാകൃത മൂലധന സഞ്ചയനം അഥവാ പൊതുസ്വത്ത് വെട്ടിപ്പിടിക്കലാണ് നടന്നു കൊണ്ടിരിക്കുന്നത്.  ഈ മൂലധനക്കൊള്ളയുടെ ഏറ്റവും വികൃതമായ മുഖമാണ് ബിജെപി സർക്കാരെന്നും തോമസ് ഐസക് ഫെയ്സ്ബുക്കിൽ കുറിച്ചു.
6 ലക്ഷം കോടി രൂപയുടെ നാടിന്റെ സ്വത്തുക്കൾ വിൽപ്പനയ്ക്കു വെയ്ക്കുവാൻ പോവുകയാണ്. കോഴിക്കോട് വിമാനത്താവളവും അതിൽ പെടുമെന്നും തോമസ് ഐസക് പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം; 
കഴിഞ്ഞ ബജറ്റിൽ പതിവുപോലെ കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുമെന്നും, അതിലൂടെ ഒരുലക്ഷത്തിലേറെ കോടി രൂപ സമാഹരിക്കുമെന്നും കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു. അതോടൊപ്പം റോഡുകൾ, ഖനികൾ, റെയിൽവേ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങി നാടിന്റെ പൊതുസ്വത്തുക്കൾ മോണിറ്റൈസ് ചെയ്യുമെന്നും പ്രഖ്യാപനമുണ്ടായി. അധികമാർക്കും ഇത് എന്താണെന്നു മനസ്സിലായില്ല. ഇതാ ഇപ്പോൾ ഈ രണ്ടാമതു പറഞ്ഞ കാര്യം യാഥാർത്ഥ്യമാവുകയാണ്.
6 ലക്ഷം കോടി രൂപയുടെ നാടിന്റെ സ്വത്തുക്കൾ വിൽപ്പനയ്ക്കു വയ്ക്കുവാൻ പോവുകയാണ്. കോഴിക്കോട് വിമാനത്താവളവും അതിൽപ്പെടും. ദേശീയപാത (1.6), റെയിൽവേ (1.5), വൈദ്യുതി വിതരണം (0.45), വൈദ്യുതി ഉൽപ്പാദനം (0.40), ടെലികോം (0.35), ഖനനം (0.29), വെയർഹൗസ് (0.29), പ്രകൃതിവാതകം (0.25), ഇന്ധന പൈപ്പ്ലൈൻ (0.23), വ്യോമഗതാഗതം (0.21), റിയൽ എസ്റ്റേറ്റ് (0.15), തുറമുഖം (0.13), സ്റ്റേഡിയങ്ങൾ (0.11) ബ്രാക്കറ്റിൽ നൽകിയിരിക്കുന്നത് ലക്ഷം കോടിയിലുള്ള വിലയാണ്. മൊത്തം 6 ലക്ഷം കോടി രൂപ.
ഇതു സ്വത്ത് വിൽപ്പന അല്ലായെന്ന് കേന്ദ്ര ധനകാര്യമന്ത്രി ആണയിട്ടു പറയുന്നുണ്ട്. പൊതുമേഖലാ കമ്പനികളുടെ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി ഓഹരികൾ വിൽക്കുകയാണല്ലോ ചെയ്യുന്നത്. അതോടെ ഉടമസ്ഥത പുതിയ ഓഹരി ഉടമകളുടേതായിത്തീരും. എന്നാൽ ഇവിടെ അതില്ല. മറിച്ച്, അവയുടെ മൂല്യത്തെ പണമായിട്ടു മാറ്റുക മാത്രമേ ചെയ്യുന്നുള്ളൂ. നിശ്ചതകാലയളവു കഴിഞ്ഞാൽ ഈ ആസ്തികൾ തിരിച്ചു സർക്കാരിനു ലഭിക്കുകയും ചെയ്യും. ഈ പുതിയ സമ്പ്രദായത്തെ വിളിക്കുന്ന പേരാണ് മോണിറ്റൈസേഷൻ. നമുക്ക് അത്ര പരിചിതമല്ലാത്ത ഒരു സ്വകാര്യവൽക്കരണ രീതിയാണിത്. എന്താണ് ഈ പുതിയ രീതിസമ്പ്രദായം?
സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ആസ്തികളുടെ മൂല്യം അല്ലെങ്കിൽ വില എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ട്. അതു രഹസ്യമായിട്ടു വച്ചിരിക്കുകയാണെന്നാണ് വയ്പ്പ്. അവയുടെ മൊത്തം മൂല്യമെടുത്താൽ 6 ലക്ഷം കോടി രൂപ വരും. സർക്കാർ ഇനി ഓരോ ആസ്തിയും ടെണ്ടർ ചെയ്യും. ഏറ്റവും ഉയർന്ന വില നൽകാൻ തയ്യാറുള്ള സംരംഭകരെ ആസ്തിയുടെ മേൽനോട്ടവും നടത്തിപ്പും അധിക നിക്ഷേപത്തിനുള്ള അവകാശവും കൈമാറും.
1000 കോടി മൂല്യമുള്ള ഏതാനും റെയിൽവേ സ്റ്റേഷനുകളും അവയുടെ ഭൂമിയും 30 വർഷത്തേയ്ക്ക് ഇങ്ങനെ ടെണ്ടർ ചെയ്യുന്നതെന്നിരിക്കട്ടെ. ടെണ്ടറിൽ 1000 കോടിയേക്കാൾ കൂടുതൽ വില തരാൻ തയ്യാറുള്ള സംരംഭകരുായി ചർച്ച ചെയ്ത് കരാർ ഉറപ്പിക്കുകയാണു ചെയ്യുക. അങ്ങനെ ഏൽപ്പിച്ചുകൊടുക്കുമ്പോൾ എന്തെല്ലാമാണ് നിബന്ധനകളെന്നുള്ളത് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. എന്തെല്ലാം പുതിയ നിക്ഷേപങ്ങൾക്കുള്ള അവകാശം സംരംഭകന് ഉണ്ടാകുമെന്നതും വ്യക്തമല്ല. പക്ഷെ, ഒരു കാര്യം വളരെ വ്യക്തം. 30 വർഷത്തിനുള്ളിൽ ഇപ്പോൾ സർക്കാർ നൽകുന്ന 1000 കോടി രൂപയും അതിന്റെ പലിശയും പുതിയ നിക്ഷേപത്തിന്റെ ലാഭത്തിലൂടെ മുതലാക്കാൻ കഴിയുമോയെന്ന് സംരംഭകൻ സ്വാഭാവികമായും കണക്കു കൂട്ടുമല്ലോ. റെയിൽവേ സ്റ്റേഷനിലെ യൂസർഫീ വർദ്ധിപ്പിക്കാം. റെയിൽവേ ഭൂമിയിൽ ഹോട്ടലുകൾ പണിയാം. ലാഭമുണ്ടാക്കാൻ ഇങ്ങനെ പലതും ചെയ്യും. എന്നുവച്ചാൽ റെയിൽവേ ഉപഭോക്താക്കളുടെമേൽ വമ്പിച്ചഭാരം ഇതുമൂലം വരും.
ഇങ്ങനെ 30 വർഷം കഴിഞ്ഞാൽ സ്വത്തുക്കൾ തിരിച്ചു സർക്കാരിലേയ്ക്കു ചെല്ലുമെന്നാണു ധനമന്ത്രി പറയുന്നത്. പക്ഷെ, സംരംഭകൻ മുതൽമുടക്കിയ പുതിയ ആസ്തികളുടെ വില സംരംഭകനു നൽകേണ്ടി വരില്ലേ? 1000 കോടി രൂപയുടെ മുതൽമുടക്കു വസൂലാകുന്ന രീതിയിൽ യൂസർഫീകൾ കുത്തനെ ഉയർത്താൻ അനുവദിക്കില്ലായെന്നു നിബന്ധനവച്ചാൽ സർക്കാരിനു കിട്ടിയ പണം തിരിച്ചു നൽകാൻ ബാധ്യതയുണ്ടാവില്ലേ? ഇങ്ങനെ സംരംഭകന് അയാൾ മുടക്കിയ ആസ്തികളുടെ വിലയും മറ്റും തിരിച്ചുനൽകണമെങ്കിൽ അതിനുള്ള പണം സർക്കാരിന് എവിടെനിന്നും ഉണ്ടാകും?
മൂന്നു മാർഗ്ഗങ്ങളുണ്ട്. ഒന്നുകിൽ ഈ സംരംഭകനു തന്നെ കാലാവധി നീട്ടിക്കൊടുക്കുക. ഉദാഹരണത്തിന് 30 വർഷമെന്നുള്ളത് 90 വർഷം ആക്കിക്കൊടുക്കാം. അതോടെ സർക്കാരിനു പണം തിരിച്ചു കൊടുക്കാനുള്ള ഏടാകൂടത്തിൽ നിന്നെല്ലാം രക്ഷപ്പെടാം. രണ്ടാമത്തെ മാർഗ്ഗം ഈ സ്വത്ത് വീണ്ടും ലേലം വിളിക്കാം. അങ്ങനെ കിട്ടുന്ന പണംകൊണ്ട് സംരംഭകൻ മുടക്കിയ പണം തിരിച്ചു നൽകാം. അതുമല്ലെങ്കിൽ നടത്തിപ്പുകാരനു സ്വത്ത് വിൽക്കാം.
മേൽവിവരിച്ചത് Direct Contractual Approach അഥവാ നേരിട്ടുള്ള കരാർ സമ്പ്രദായം ആണ്. മുമ്പ് വിവരിച്ചതുപോലെ മുഴുവൻ പണവും ഒറ്റയടിക്ക് ആദ്യം തന്നെ വാങ്ങാം അല്ലെങ്കിൽ തവണകളായി വാങ്ങാം. അതുപോലെ Structured Finance Approach അഥവാ എന്നൊരു രീതിയുമുണ്ട്. ഇവിടെ ആസ്തിയുടെ മൂല്യം സെക്യൂരിറ്റികളാക്കി വിൽക്കുന്നു. ആ പണം ഉപയോഗിച്ച് നിക്ഷേപം നടത്തുന്നു. മൂല്യവർദ്ധന ഉണ്ടാകുമ്പോൾ അതിന്റെ നേട്ടം സെക്യൂരിറ്റികളുടെ ഉടമസ്ഥർക്കു ലഭിക്കും. ഇതുപോലെ പല രീതികളുണ്ട്. പക്ഷെ, ഇപ്പോൾ കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നതു നേരിട്ടുള്ള കരാർ സമ്പ്രദായമാണെന്നാണു തോന്നുന്നത്.
ഇങ്ങനെ കേന്ദ്രസർക്കാരിന് 6 ലക്ഷം കോടി രൂപ മുൻകൂറായി നൽകാൻ പോകുന്ന മുതലാളിമാർക്ക് ഇതിനുള്ള പണം എവിടെനിന്നും ലഭിക്കും? ചെറിയൊരു ഭാഗം അവരുടെ സമ്പാദ്യത്തിൽ നിന്നാകാം. ബാക്കി ബാങ്കിൽ നിന്നും വായ്പയെടുക്കുന്നതാണ്. ബാങ്കുകളിൽ നിന്നും ഭീമമായ തുക സർക്കാരിന്റെ സ്വത്തിന്റെ തന്നെ ഈടിൽ വായ്പയെടുത്ത് സർക്കാരിനു കൊടുക്കുന്നു. അവസാനം സ്വത്ത് പ്രയോഗത്തിൽ അവരുടേതാകുന്നു.
ഇതു സർക്കാരിനും ചെയ്യാമല്ലോ. സർക്കാരിനു ബാങ്കിൽ നിന്നും വായ്പയെടുത്ത് പശ്ചാത്തലസൗകര്യ നിക്ഷേപം നടത്താം. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ കണക്ക് എഴുത്തിൽ ചില അസൗകര്യങ്ങളുണ്ടാകും. സർക്കാരിന്റെ ബജറ്റിൽ ഇതു സർക്കാരിന്റെ വായ്പയായിട്ടു വരും. ധനക്കമ്മി കൂടും. അതു വിദേശമൂലധനത്തിന് ഒട്ടും ഇഷ്ടമാകില്ല. അവർ പിണങ്ങിയാൽ സമ്പദ്ഘടന പ്രതിസന്ധിയിലാകാം. എന്നാൽ സ്വകാര്യ സംരംഭകർ വായ്പയെടുത്തു സർക്കാരിനു കൊടുക്കുകയാണെങ്കിലോ? അത് വായ്പയായിട്ടല്ല, മിസലേനിയസ് മൂലധന വരുമാനമായിട്ടാണു കാണിക്കുക. ധനക്കമ്മിയെ ബാധിക്കില്ല. വിദേശമൂലധനത്തെ പ്രീതിപ്പെടുത്തുകയുമാവാം.
ഇന്നത്തെ ബിജെപി സർക്കാരിന്റെ വികസനതന്ത്രം ഇതാണ്. വിദേശമൂലധനത്തെ കൂടുതൽ കൂടുതൽ ആശ്രയിച്ച് സാമ്പത്തിക വളർച്ചയുടെ വേഗത കൂട്ടുക. അതിനുവേണ്ടി എന്തെല്ലാം നിബന്ധന പാലിക്കണമോ അതെല്ലാം രാജാവിനേക്കാൾ കൂടുതൽ രാജഭക്തിയോടെ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം ഇന്ത്യൻ മുതലാളിമാർക്കും വളരെ സന്തോഷമാണ്. പൊതുമേഖല കമ്പനികളുടെയും രാഷ്ട്രത്തിന്റെ പൊതുസ്വത്തും ചുളുവിലയ്ക്ക് അവരുടെ കൈകളിൽ വന്നുചേരുകയാണ്. നിയോലിബറൽ കാലത്തെ പ്രാകൃത മൂലധന സഞ്ചയനം അഥവാ പൊതുസ്വത്ത് വെട്ടിപ്പിടിക്കലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ മൂലധനക്കൊള്ളയുടെ ഏറ്റവും വികൃതമായ മുഖമാണ് ബിജെപി സർക്കാർ.

Latest Stories

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍