സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി മുന്‍മന്ത്രി തോമസ് ഐസക്ക്. സ്വപ്‌നയുടെ ആരോപണങ്ങള്‍ സാമാന്യയുക്തിയ്ക്ക് നിരക്കാത്തതാണെന്ന് തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.
സ്വബോധമുള്ള ഏതെങ്കിലും മന്ത്രി മൂന്നാറിലേക്ക് സ്വപ്നയെ ക്ഷണിക്കുമോയെന്നും തോമസ് ഐസക്ക് ചോദിച്ചു.സിപിഐഎമ്മിനെ തേജോവധം ചെയ്യാനാണ് നീക്കം. തന്റെ പേര് പറഞ്ഞത് ബോധപൂര്‍വമാണ്. ആരോപണത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ട്. ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടും. നിയമപരമായി നേരിടണമെങ്കില്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
സ്വപ്ന ബിജെപിയുടെ ദത്തുപുത്രിയാണെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്നും തോമസ് ഐസക്ക് പറഞ്ഞു. ആരോപണത്തിന്റെ സ്‌ക്രിപ്റ്റ് തയ്യാറുന്നതും ബിജെപിയാണ്. സ്വപ്ന സുരേഷിന് പൂര്‍ണ സംരക്ഷണം നല്‍കുന്നത് ബിജെപിയാണെന്നും തോമസ് ഐസക്ക് പറഞ്ഞു.
നയതന്ത്ര ഉദ്യോഗസ്ഥരോട് കേരളത്തിലെ സ്ഥലങ്ങള്‍ കാണാന്‍ ആവശ്യപ്പെട്ടിരിക്കാം. വീട്ടില്‍ വരുന്നവരെ എല്ലാം മുകളിലെ സ്വീകരിക്കാറുണ്ട്. ഔദ്യോഗിക വസതിയില്‍ വന്നവര്‍ക്കെല്ലാം അത് ബോധ്യമുള്ളതാണെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
തോമസ് ഐസക് ലൈംഗിക താല്‍പര്യത്തോടെ ഇടപെടല്‍ നടത്തിയെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ‘മുന്‍ ഭര്‍ത്താവിന്റെ ഒരു വ്യക്തിഗത ആവശ്യത്തിനാണ് തോമസ് ഐസക്കിന്റെയടുത്ത് ചെന്നത്. ഒപ്പം കോണ്‍സുലേറ്റിലെ പി ആറും ഉണ്ടായിരുന്നു. അദ്ദേഹം രണ്ടാം നിലയിലേക്ക് വിളിപ്പിച്ച് സംസാരിച്ചു. എന്നാല്‍ അദ്ദേഹം മറ്റുള്ളവരെ പോലെ ഡയറക്ടല്ല. ചില സിഗ്നലുകള്‍ തരും. മൂന്നാറിലേക്ക് കൊണ്ടുപോകാമെന്നൊക്കെ പറഞ്ഞിട്ടുണ്ട്,’ എന്നായിരുന്നു സ്വപ്‌നയുടെ ആരോപണം.