ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും; പൊലീസിലെ പുഴുക്കുത്തുകള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

പൊലീസ് സേനയ്‌ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സേനയിലെ പുഴുക്കുത്തുകള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ആര് തെറ്റ് ചെയ്താലും സംരക്ഷിക്കില്ല. വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ പൊലീസ് സംവിധാനം ആകെ മോശമാണെന്ന അഭിപ്രായം ആര്‍ക്കുമില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എന്തായിരുന്നു പൊലീസിന്റെ സ്ഥിതിയെന്ന് എല്ലാവര്‍ക്കും അറിയാം. ഇടതുപക്ഷ സര്‍ക്കാര്‍ വന്നശേഷം ജനകയ പൊലീസ് സംവിധാനമായി മാറി. സംസ്ഥാനത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ ഇല്ലാതാക്കുന്നതില്‍ പൊലീസിന് നല്ല പങ്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ആരോപണങ്ങള്‍ അന്വേഷിക്കും. എന്നാല്‍, എഡിജിപിക്കെതിരായ അന്വേഷണത്തിന് താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്.

പൊതു വേദിയില്‍ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പതിനൊന്ന് മണിക്കൂറിന് ശേഷമാണ് പ്രത്യേത അന്വേഷണ സംഘത്തെ നിശ്ചയിച്ച് വാര്‍ത്താ കുറിപ്പിറക്കിയത്. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ തല്‍സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാമെന്നും വിശദമായ അന്വേഷണം വേണെന്നും രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു എം.ആര്‍ അജിത് കുമാര്‍ വ്യക്തമാക്കിയത്.