കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്; പികെ കുഞ്ഞനന്തന്‍ കൊല്ലപ്പെട്ടത് ഭക്ഷ്യ വിഷബാധയേറ്റ്; ദുരൂഹത ആരോപിച്ച് കെഎം ഷാജി

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ രണ്ട് പ്രതികളെ കൂടി ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ചതിന് പിന്നാലെ കേസില്‍ കൂടുതല്‍ ആരോപണങ്ങളുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി രംഗത്ത്. കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഷാജി പറഞ്ഞു.

കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ കെഎം ഷാജി കുഞ്ഞനന്തന്‍ ഭക്ഷ്യ വിഷബാധയേറ്റാണ് മരിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. മലപ്പുറം കൊണ്ടോട്ടി മുസ്ലീം ലീഗ് മുനിസിപ്പല്‍ സമ്മേളന വേദിയില്‍ സംസാരിക്കുമ്പോഴായിരുന്നു കെഎം ഷാജി ആരോപണങ്ങളുന്നയിച്ചത്.

Read more

ടിപി കൊലക്കേസില്‍ അന്വേഷണം നേതാക്കന്‍മാരിലേക്ക് എത്താന്‍ കഴിയുന്ന ഏക കണ്ണി കുഞ്ഞനന്തനായിരുന്നു. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഫസലിനെ കൊന്ന മൂന്നുപേര്‍ മൃഗീയമായി കൊല്ലപ്പെട്ടിട്ടുണ്ട്. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും. ശുക്കൂര്‍ വധക്കേസിലെ പ്രധാന പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഷാജി പറഞ്ഞു.