എ ആർ നഗർ ബാങ്ക് ക്രമക്കേടിൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ കെ ടി ജലീലിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. പ്രസ്‍താവന നടത്തുമ്പോള്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജലീലിനോട് പറഞ്ഞു. ജലീലിന്റെ ഇ.ഡി അനുകൂല നിലപാടിൽ സിപിഎമ്മിനുള്ളത് കടുത്ത അതൃപ്തിയാണ്. സഹകരണമേഖലയിൽ കടന്നുകയറാൻ കേന്ദ്ര ഏജൻസിക്ക് ജലീൽ വഴിയൊരുക്കിയെന്നാണ് പ്രധാന വിമർശനം.
അതേസമയം വിഷയത്തിൽ പരിഹാസ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വക്കേറ്റ് എ ജയശങ്കർ. ഇന്ന് എൻഫോഴ്സ്മെൻ്റിനെ എതിർക്കുന്നവർ നാളെ സ്വാഗതം ചെയ്യും മറ്റന്നാൾ പാടിപ്പുകഴ്ത്തും. കാലം കണക്കു തീർക്കാതെ കടന്നു പോകില്ല എന്ന് ജയശങ്കർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
പി.കെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരുമെന്ന് കെ ടി ജലീൽ എം.എൽ.എ ഇന്ന് ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു. ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടുവെന്നും വിശദമായി കാര്യങ്ങൾ സംസാരിച്ചു എന്നും കെ ടി ജലീൽ പറഞ്ഞു.
“2006ൽ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടിൽ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാരാണ് കേരളത്തിലെ പിണറായി സർക്കാർ. ലീഗ് നേതാക്കൾക്ക് എന്തും ആഗ്രഹിക്കാം. “ആഗ്രഹങ്ങൾ കുതിരകളായിരുന്നെങ്കിൽ ഭിക്ഷാംദേഹികൾ പോലും സവാരി ചെയ്തേനെ” എന്ന വരികൾ എത്ര പ്രസക്തം! ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ. AR നഗർ പൂരത്തിൻ്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാൻ തിരൂരങ്ങാടിയിലെ ‘ഫയർ എൻജിൻ’ മതിയാകാതെ വരും!!!” ജലീൽ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
അഡ്വ. എ ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
സത്യം ജയിക്കും. സത്യം മാത്രം ജയിക്കും. സത്യമല്ലാതെ മറ്റൊന്നും ജയിക്കില്ല.
എആർ നഗർ സഹകരണ ബാങ്കും ഈ സാമാന്യ നിയമത്തിന് അപവാദമാവില്ല. ഇന്ന് എൻഫോഴ്സ്മെൻ്റിനെ എതിർക്കുന്നവർ നാളെ സ്വാഗതം ചെയ്യും മറ്റന്നാൾ പാടിപ്പുകഴ്ത്തും.
കാലം കണക്കു തീർക്കാതെ കടന്നു പോകില്ല.