എംബിബിഎസ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയ്ക്ക് മൂന്ന് മണിക്കൂര്‍ റാഗിംഗ്; ഒടുവില്‍ കുഴഞ്ഞുവീണ് ദാരുണാന്ത്യം

സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിനിരയായ എംബിബിഎസ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന റാഗിംഗിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി കുഴഞ്ഞുവീഴുകയായിരുന്നു. ഗുജറാത്ത് ധര്‍പൂര്‍ പതാനിലെ ജിഎംഇആര്‍എസ് മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ എംബിബിഎസ്  വിദ്യാര്‍ത്ഥി അനില്‍ മെതാനിയ ആണ് മരിച്ചത്.

റാഗിംഗിന് പിന്നാലെ കുഴഞ്ഞുവീണ 18കാരനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ റാഗ് ചെയ്തിരുന്നതായി അനില്‍ മെതാനിയ പൊലീസിന് മരണമൊഴി നല്‍കിയിട്ടുണ്ട്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മൂന്ന് മണിക്കൂര്‍ തന്നെ നിര്‍ബന്ധിപ്പിച്ച് നില്‍ക്കാന്‍ പ്രേരിപ്പിച്ചതായാണ് മൊഴി.

Read more

മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ റാഗിംഗിനിരയായാണ് അനില്‍ മരണപ്പെട്ടതെന്നും തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് മെഡിക്കല്‍ കോളേജ് ഡീന്‍ ഹാര്‍ദ്ദിക് ഷാ പറഞ്ഞു. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ പിതാവ് നല്‍കിയ പരാതിയില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എഫ്‌ഐആറില്‍ 15 വിദ്യാര്‍ത്ഥികളുടെ പേരുകള്‍ ഉണ്ടെന്നാണ് വിവരം.