കോട്ടയം കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടല്‍. 13 പേരെ കാണാതായി റിപ്പോര്‍ട്ട്. ഇതില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലില്‍ മൂന്ന് വീടുകള്‍ ഒലിച്ചു പോയി.കാണാതായവരില്‍ ആറുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. നാട്ടുകാരാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ പ്രദേശത്തേക്ക് എത്താനായിട്ടില്ല. പ്രദേശത്ത് ഒറ്റപ്പെട്ട് പോയവരെ രക്ഷപ്പെടുത്തനായി വ്യോമസേനയുടെ സഹായം ഉള്‍പ്പടെ ജില്ലാഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. മലയോര മേഖലകളില്‍ പലയിടത്തും മണ്ണിടിച്ചില്‍ തുടരുകയാണ്. ന്യൂനമര്‍ദ്ധത്തിന്റെ ഭാഗമായി സംസ്ഥാനത്്ത മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
ശക്തമായ മഴയില്‍ കൂട്ടിക്കലില്‍ വലിയ തോതില്‍നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 10 പേരെ കാണാതായതായി പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് വ്യക്തമാക്കിയത്. മൂന്ന് വീടുകള്‍ ഒലിച്ചു പോയെന്നും പ്രദേശത്തെ കടയും ഒലിച്ചു പോയിട്ടുണ്ടെന്നും കാണാതായ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ശക്തമായ മഴയിലും മണ്ണിടിച്ചിലും മൂലം രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനാകാത്ത വിധം കൂട്ടിക്കല്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണെന്നും എംഎല്‍എ പറഞ്ഞു. കൂട്ടിക്കല്‍ കവലയില്‍ ഒരാള്‍പൊക്കത്തില്‍ വെള്ളമുണ്ട്. പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കല്‍, ഏന്തയാര്‍, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാര്‍ഗം പ്രദേശത്ത് എത്താന്‍ നിലവില്‍ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പ്രദേശത്ത് പലരും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറി നില്‍ക്കുകയാണെന്നാണ് വിവരം. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങി. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നിലാണ് ബസ് മുങ്ങിയത്. വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസ് മുങ്ങിയത്. ബസില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. അതേസമയം തൊടുപുഴയ്ക്ക് സമീപം കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു. കാറിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
സ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ച സാഹചര്യത്തില്‍ വിശദമായ മുന്നൊരുക്കം നടത്തുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എല്ലാ അണക്കെട്ടുകളിലേയും നിലവിലെ സ്ഥിതി വിലയിരുത്താന്‍ കെഎസ്ഇബിയോടും ജലവിഭവ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലേക്ക് ദുരന്ത നിവാരണസേനയെ വിന്യസിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സഹകരണ – രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ഈരാറ്റുപേട്ട- മുണ്ടക്കയം കൂട്ടിക്കല്‍ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടക്കുന്ന മേഖലയില്‍ മന്ത്രി ഉടന്‍ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കേരളത്തിലുട നീളം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.