ഒമാനിൽനിന്ന് മയക്കുമരുന്നുമായി കേരളത്തിലെത്തിയ മൂന്നംഗ സംഘം പിടിയിൽ. ആനമങ്ങാട് സ്വദേശി പുല്ലാണിക്കൽ ഹൈദരലി(29) വേങ്ങര സ്വദേശി കുന്നത്ത് അസൈനാർ(37) കണ്ണമംഗലം സ്വദേശി പാറക്കൻ മുഹമ്മദ് കബീർ(33) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്‌ച വൈകിട്ട് തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് മൂവരും പൊലീസിന്റെ പിടിയിലായത്.
മൂന്നംഗ സംഘം ഒമാനിൽ നിന്ന് മയക്കുമരുന്നുമായി മുംബൈയിലെത്തി, അവിടെ നിന്ന് ട്രെയിൻ മാർഗം തിരൂരിലെത്തിയ യുവാവും കൂട്ടാളികളുമാണ് പൊലീസിന്റെ പിടിയിലായത്. ഒമാനിൽ നിന്നും കേരളത്തിലേക്ക് വിൽപ്പനയ്ക്കായി എത്തിച്ച 141.58 ഗ്രാം എംഡിഎംഎയുമായിട്ടാണ് മൂന്നു പേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിരൂർ പോലീസും തിരൂർ, പെരിന്തൽമണ്ണ ഡാൻസാഫ് അംഗങ്ങളും ചേർന്ന് നഗരത്തിൽ ഉടനീളം നടത്തിയ പരിശോധനയിലാണ് പ്രതികൾ മയക്കുമരുന്നുമായി പിടിയിലായത്.
റെയിൽവേ സ്റ്റേഷൻ സമീപത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് മയക്കുമരുന്നുമായി കടന്നു കളയാൻ ശ്രമിക്കവെയാണ് സാഹസികമായി ഇവരെ പൊലീസ് പിടികൂടുന്നത്. അതേസമയം ഒമാനിൽ വെച്ച് പാകിസ്ഥാൻ സ്വദേശിയായ വിൽപ്പനക്കാരനിൽ നിന്നുമാണ് മയക്കുമരുന്ന് വാങ്ങിയതെന്നും 360 റിയാൽ നൽകിയതായും പിടിയിലായ ഹൈദരലി പൊലീസിനോട് പറഞ്ഞു. കേരള വിപണിയിൽ 5 ലക്ഷത്തോളം രൂപയ്ക്ക് വിൽക്കാനാണ് തയ്യാറെടുത്തിരുന്നതെന്നും ഒമാനിൽ നിന്നും ലഭിക്കുന്ന എംഡിഎംഎ ഏറ്റവും വീര്യം കൂടിയ ഇനമാണെന്നും ഇതിന് ഡിമാൻഡ് കൂടുതലാണെന്നും പ്രതികൾ പറഞ്ഞു.