ആലപ്പുഴ കായംകുളത്ത് ട്രെയിനില്‍ സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണവുമായി മൂന്ന് പേര്‍ പിടിയില്‍. കരുനാഗപ്പള്ളി സ്വദേശികളായ നസീം, റമീസ് അഹമ്മദ്, നിസാര്‍ എന്നിവരാണ് സംഭവത്തില്‍ പിടിയിലായത്. കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് മൂന്നംഗ സംഘം പിടിയിലായത്.
മൂന്നംഗ സംഘത്തിന്റെ പക്കല്‍ നിന്നും കായംകുളം പൊലീസ് 1,10,01,150 രൂപയുടെ കുഴല്‍പ്പണം പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്ന് പ്രതികള്‍ സംസ്ഥാനത്തേക്ക് കുഴല്‍പ്പണം കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൂന്നംഗ സംഘം പിടിയിലായത്.
ആലപ്പുഴ ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും കായംകുളം പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. പിടിയിലായവര്‍ നേരത്തെയും കുഴല്‍പ്പണം കടത്തിയിട്ടുള്ളതായി പൊലീസ് പറയുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ പ്രതികള്‍ കുഴല്‍പ്പണ കടത്തിലേക്ക് തിരിയുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
ബംഗളൂരു കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികള്‍ സംസ്ഥാനത്തേക്ക് കുഴല്‍പ്പണം വന്‍ തോതില്‍ എത്തിച്ചിരുന്നത്. ഇവര്‍ക്ക് പിന്നിലുള്ള സംഘത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.