തിരൂരിലെ മൂന്ന് വയസ്സുകാരന്റെ മരണം; രണ്ടാനച്ഛന്‍ പിടിയില്‍

മലപ്പുറം തിരൂരില്‍ മര്‍ദ്ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ രണ്ടാനച്ഛനെ പൊലീസ് പിടികൂടി. കുട്ടിയുടെ മരണ വിവരം അറിഞ്ഞതോടെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ അര്‍മാനെ പാലക്കാട് നിന്നാണ് പൊലീസ് പിടികൂടിയത്. പശ്ചിമബംഗാള്‍ ഹുഗ്ലി സ്വദേശിയായ മുംതാസ് ബീവിയുടെ മകന്‍ ഷെയ്ഖ് സിറാജാണ് മരിച്ചത്. മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയിലാണ്. ബുധനാഴ്ച രാത്രി ആയിരുന്നു സംഭവം.

രണ്ടാനച്ഛനായ അര്‍മാനാണ് ഷെയ്ക്ക് സിറാജിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദ്ദനമേറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്‌സിലാണ് ഇവര്‍ താമസിക്കുന്നത്. പൊലീസ് ഇവിടെ എത്തി പരിശോധന നടത്തിയിരുന്നു. ഇന്നലെ ഇവര്‍ തമ്മില്‍ വഴക്കുണ്ടായതായി അയല്‍വാസികള്‍ പറഞ്ഞു.

മുംതാസ് ബീവിയുടെ ആദ്യഭര്‍ത്താവായ ഷെയ്ക്ക് റഫീക്കിന്റെ മകനാണ് ഷെയ്ക്ക് സിറാജ്. ഒരു വര്‍ഷം മുമ്പാണ് റഫീക്കുമായുള്ള ബന്ധം പിരിഞ്ഞ് മുംതാസ് അര്‍മാനെ വിവാഹം കഴിച്ചത്. ഒരാഴ്ച മുമ്പാണ് ഇവര്‍ തിരൂരില്‍ താമസിക്കാന്‍ എത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.