തൃക്കാക്കക്കരയിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ലത്തീന്‍ സഭയെ അവഗണിക്കുകയാണെന്ന് വരാപ്പുഴ അതിരൂപതാ രാഷ്ട്രീയകാര്യ സമിതി. ഉപതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കത്തോലിക്കാ സഭ ചര്‍ച്ചകളില്‍ ഇടംപിടിച്ചതോടെയാണ് അതൃപ്തി അറിയിച്ച് ലത്തീന്‍ സഭ രംഗത്തെത്തിയിരിക്കുന്നത്.
ഒരു സഭയെ മാത്രം കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കത്തോലിക്കാ വോട്ടുകളില്‍ ഭൂരിപക്ഷമുള്ള ലത്തീന്‍ സഭയ്ക്ക് ചര്‍ച്ചകളില്‍ പോലും പ്രാതിനിധ്യം നല്‍കിയില്ലെന്നുമാണ് ആക്ഷേപം. വരാപ്പുഴ അതിരൂപതാ രാഷ്ട്രീയകാര്യ സമിതി കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രതിഷേധം അറിയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും അതിന് ശേഷമുള്ള ചര്‍ച്ചകളിലും മുന്നണികള്‍ ലത്തീന്‍ സഭയെ പൂര്‍ണമായി അവഗണിച്ചുവെന്നും യോഗം വിലയിരുത്തി.
അതേസമയം ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടിനെ കുറിച്ച് തീരുമാനിക്കാന്‍ സഭ മറ്റന്നാള്‍ യോഗം വിളിച്ചു. മൂലമ്പിള്ളി പുനരധിവാസം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കാനാണ് തീരുമാനം. സമുദായ പ്രതിനിധികളുടെ യോഗത്തിനുശേഷം രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇരുമുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചതോടെ പ്രചാരണം കൂടുതല്‍ ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിച്ചിരുന്നു. എ. എന്‍ രാധാകൃഷ്ണനാണ് തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി. വ്യാഴാഴ്ച നാമനിര്‍ദ്ദശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക. മെയ് 31നാണ് വോട്ടെടുപ്പ് ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും.