റഷ്യൻ കൂലി പട്ടാളത്തിലകപ്പെട്ട തൃശൂർ സ്വദേശിക്ക് മോചനം; ഡൽഹിയിലെത്തിയ ജെയിൻ കുര്യൻ ഇന്ന് നാട്ടിലെത്തും

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിൻ കുര്യന് മോചനം. ഡൽഹിയിലെത്തിയ ജയിൻ ഇന്നുതന്നെ നാട്ടിലേക്കെത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. യുദ്ധത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ജെയിനിനെ മോസ്‌കോയിലെ ആശുപത്രിയിൽ നിന്നും ഡൽഹിയിൽ എത്തിക്കുക ആയിരുന്നു. റഷ്യൻ പട്ടാള ക്യാമ്പിലേക്ക് തിരികെയെത്തിക്കുമെന്നുള്ള ആശങ്കകൾക്കിടയാണ് യുവാവിന്റെ അപ്രതീക്ഷിത മോചനം.

കഴിഞ്ഞ ഒരു വർഷം മുൻപാണ് ജയിനും ബന്ധുവായ ബിനിലും റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേരുന്നത്. പിന്നീട് യുക്രൈനുമായുളള യുദ്ധത്തിൽ ജയിനിന്റെ ബന്ധുവായ ബിനിൽ മരിച്ചു. അതേസമയം യുദ്ധമുഖത്ത് വച്ച് ജയിനിന് പരിക്കേൽക്കുകയും ജയിൻ അവിടെ തന്നെ ചികിത്സയിൽ തുടരുകയുമായിരുന്നു. ഏകദേശം രണ്ടാഴ്ച മുൻപാണ് ജയിനിന്റെ ചികിത്സ പൂ‍ർത്തിയായത്.

Read more

കോൺട്രാക്ട് കാലാവധി അവസാനിച്ചിട്ടും ജയിനെ വീണ്ടും യുദ്ധമുഖത്തേക്ക് അയക്കാനായിരുന്നു റഷ്യൻ പട്ടാളത്തിന്റെ നീക്കം. ഇതിനിടയിലാണ് ജയിൻ നാട്ടിലേക്ക് എത്തുമെന്നുള്ള വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. അതേസമയം യുദ്ധമുഖത്ത് കൊല്ലപ്പെട്ട ബിനിലിന്റെ മൃതദേഹം ഇതുവരെ നാട്ടിലെത്തിക്കാനായിട്ടില്ല.