കാലാവസ്ഥ അനുകൂലമായാൽ ഇന്ന് ഉച്ചയ്ക്ക് തൃശൂർ പൂരം വെടിക്കെട്ട്. പകൽപൂരത്തിന് തലേന്ന് പെയ്ത മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് കാലാവസ്ഥ അനുകൂലമായാൽ ഇന്ന് ഉച്ചയ്‌ക്ക് നടത്തും. രണ്ട് മണി മുതൽ 3.30 വരെയാകും വെടിക്കെട്ട് നടത്തുകയെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ വെടിക്കെട്ട് നടത്താൻ ജില്ലാ ഭരണകൂടത്തിനോട് അനുമതി തേടിയിരുന്നു. പകൽ മഴ ഒഴിഞ്ഞു നിൽക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വങ്ങൾ. തൃശൂർ പൂരത്തോടനുബന്ധിച്ച് ഈ മാസം 11ന് പുലർച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് മഴ മൂലം രണ്ടു തവണ മാറ്റിവയ്ക്കുകയായിരുന്നു.
15ന് വെടിക്കെട്ട് നടത്താൻ ആദ്യം തീരുമാനിച്ചെങ്കിലും പീന്നിട് 14ന് വൈകുന്നേരം ആറരയ്‌ക്ക് വെടിക്കെട്ട് നടത്താനുള്ള തീരുമാനത്തിലേക്ക് ദേവസ്വം ബോർഡ് എത്തി. തുടർന്നുള്ള ദിവസങ്ങളിലും കനത്ത മഴ പെയ്തതോടെ വെടിക്കെട്ട് വീണ്ടും മാറ്റിവെയ്‌ക്കാൻ അധികൃതർ തയ്യാറാവുകയായിരുന്നു.
വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന തേക്കിൻകാട് മൈതാനത്ത് പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കരിമരുന്ന് പൂർണമായും പൊട്ടിച്ച് തീർക്കുക എന്നതാണ് പ്രായോഗികമായി ചെയ്യാൻ കഴിയുക. അതിനുള്ള സൌകര്യം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും റവന്യൂ മന്ത്രി കെ.രാജൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗുണ്ട്, ഓലപ്പടക്കം, കുഴിമിന്നൽ, അമിട്ട് എന്നിങ്ങനെ വെടിക്കൊപ്പുകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
10 പൊലീസുകാർ വീതം ഡ്യുട്ടിയിലുണ്ട്. വെടിക്കെട്ട് പുരയുടെ 100 മീറ്റർ പരിധിയിൽ ആളുകൾക്ക് പ്രവേശനമില്ല. മെയ് 11ന് പുലർച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടർന്ന് പലതവണ മാറ്റിവെയ്‌ക്കുകയായിരുന്നു. പൂരത്തിന് തലേദിവസം പെയ്ത മഴയെ തുടർന്ന് വെടിക്കെട്ടിനായി തയ്യാറാക്കിയ കുഴികളിലടക്കം വെള്ളം കയറി.
കൊറോണ മൂലം കഴിഞ്ഞ രണ്ടുവർഷം ചടങ്ങിൽ മാത്രമായി ഒതുങ്ങിയ തൃശൂർ പൂരം ഇത്തവണ ആഘോഷമായാണ് കൊണ്ടാടിയത്. മഹാമാരിക്കുശേഷം നടന്ന പൂരം കാണാൻ പതിനായിരങ്ങളാണ് പൂര നഗരിയിലേക്ക് ഒഴുകിയെത്തിയത്. ഇതിനിടയിലാണ് മഴ പൂരത്തിന്റെ മുഖ്യ ആകർഷണമായ വെടിക്കെട്ടിന് തടസമായത്. ഇതിന്റെ നിരാശയിലായിരുന്നു പൂരപ്രേമികൾ .