ദുബൈയില്‍ ചെക്ക് കേസില്‍ കുറ്റവിമുക്തനായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി കേരളത്തില്‍ തിരിച്ചെത്തി. കൊച്ചി വിമാനത്താവളത്തില്‍ ആവേശകരമായ സ്വീകരണമാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് വേണ്ടി ഒരുക്കിയിരുന്നത്. കൊടുങ്ങല്ലൂര്‍ സ്വദേശി നാസില്‍ അബ്ജുള്ളയുടെ പരാതിയില്‍ അജ്മാന്‍ കോടതിയില്‍ നിലവിലുണ്ടായിരുന്ന ചെക്ക് കേസ് കോടതി തള്ളിയതോടെയാണ് തുഷാര്‍ കേരളത്തില്‍ മടങ്ങിയെത്തിയത്. നാസില്‍ അബ്ദുള്ള നല്‍കിയ ചെക്ക് കേസില്‍ നേരത്തെ തുഷാറിനെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുഷാര്‍ വെള്ളാപ്പള്ളി തിരിച്ചെത്തുന്നതറിഞ്ഞ് ബിജെപിയുടെയും ബിഡിജെഎസിന്റെയും മുതിര്‍ന്ന നേതാക്കള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ആവേശകരമായ സ്വീകരണമാണ് കൊച്ചി വിമാനത്താവളത്തില്‍ ഒരുക്കിയത്. പലപ്പോഴും പ്രവര്‍ത്തകരുടെ തിക്കും തിരക്കും നിയന്ത്രിക്കാന്‍ പൊലീസ് പാടുപെട്ടു.
കേസ് ഗൂഢാലോചനയാണെന്ന വാദമാണ് നേരത്തെ മുതല്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ഉണ്ടായിരുന്നത്. കേസില്‍ കുറ്റവിമുക്തനായതോടെ നീതിയുടെ വിജയമെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു.