ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ കേസില്‍ നിലപാട് കടുപ്പിച്ച് പരാതിക്കാരന്‍ നാസില്‍ അബ്ദുള്ള.
തുഷാറിന്റെ പക്ഷത്ത് മധ്യസ്ഥരുണ്ടെങ്കില്‍ തന്റെ പക്ഷത്തും മധ്യസ്ഥരുണ്ടാകുമെന്ന് നാസില്‍ പറഞ്ഞു. താന്‍ മുന്നോട്ടുവെച്ച തുക തരാന്‍ തയ്യാറായാല്‍ മാത്രമേ ഇനി ചര്‍ച്ചയ്ക്കുള്ളൂ. പണം തരാതെ എങ്ങനെയാണ് തുഷാര്‍ ഒത്തുതീര്‍പ്പ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും നാസില്‍ പറഞ്ഞു. നാസില്‍ അബ്ദുള്ള നിലപാട് കടുപ്പിച്ചതോടെ ഒത്തുതീര്‍പ്പ് ചര്‍ച്ച നീളുകയാണ്. അതേസമയം കോടതി നാളെ കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ ഇന്ന് തന്നെ തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
വ്യാഴാഴ്ച വൈകീട്ടോടെ ജാമ്യം നേടി പുറത്തിറങ്ങിയ തുഷാര്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് പരാതിക്കാരനുമായ നാസിലുമായി ആദ്യം കൂടിക്കാഴ്ച നടത്തിയത്.
കേസ്ഒത്തുതീര്‍പ്പായില്ലെന്നും കോടതിക്ക് പുറത്ത് പ്രശ്നപരിഹാരമാകാമെന്ന ധാരണ മാത്രമാണ് ഉണ്ടായതെന്നും നാസില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ തന്റെ നിരപരാധിത്വം ബോധ്യപ്പെട്ട നാസില്‍ ഒത്തുതീര്‍പ്പാവാമെന്ന് സമ്മതിച്ചുവെന്നും, പണം നല്‍കിയല്ല ഒത്തുതീര്‍പ്പെന്നുമായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി വിശദീകരിച്ചത്.
എന്നാല്‍ താന്‍ ആവശ്യപ്പെട്ട തുക അംഗീകരിക്കാന്‍ തുഷാര്‍ തയ്യാറായില്ലെന്നാണ് നാസിലിന്റെ ഇപ്പോഴത്തെ പ്രതികരണം വ്യക്തമാക്കുന്നത്.
ഒത്തുതീര്‍പ്പ് ഉണ്ടായി കേസ് പിന്‍വലിച്ചാല്‍ മാത്രമേ ജാമ്യം നല്‍കി പാസ്പോര്‍ട്ട് കൈപ്പറ്റി തുഷാര്‍ വെള്ളാപ്പള്ളിക്ക് യു.എ.ഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനാവൂ.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെയാണ് അജ്മാനില്‍ വെച്ച് തുഷാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അജ്മാനില്‍ വെള്ളാപ്പള്ളി നടേശന്റഎ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയുടെ സബ് കോണ്ട്രാക്ടറായിരുന്ന തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
അറസ്റ്റിലായതിന് പിന്നാലെ ജയിലിലേക്ക് മാറ്റിയെങ്കിലും പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിയുടെ നേതൃത്വത്തില്‍ ജാമ്യത്തുക കെട്ടിവെച്ചതോടെയാണ് ജാമ്യം ലഭിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലും മോചനം വേഗത്തിലാക്കാന്‍ സഹായിച്ചിരുന്നു.
തുഷാര്‍ വെള്ളാപ്പള്ളി തനിക്ക് മാത്രമല്ല, പലര്‍ക്കും പണം കൊടുക്കാനുണ്ടെന്ന് നാസില്‍ അബ്ദുള്ള പ്രതികരിച്ചിരുന്നു. ഭയം മൂലമാണ് പലരും പരാതി കൊടുക്കാത്തതെന്നും തന്റെ സുരക്ഷയ്ക്ക് വരെ ഭീഷണിയുണ്ടെന്നും മുഖം വെളിപ്പെടുത്താന്‍ പേടിയുണ്ടെന്നും നാസില്‍ പറഞ്ഞിരുന്നു.
ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് താന്‍ തയ്യാറാണെന്നും പക്ഷേ, മുഴുവന്‍ പണം കിട്ടാതെ കേസില്‍ നിന്ന് പിന്‍മാറില്ലെന്നും നാസില്‍ വ്യക്തമാക്കിയിരുന്നു.