വാകേരിയില്‍ ഇറങ്ങിയ കടുവ ചത്തനിലയില്‍ കണ്ടെത്തി. ജഡം ബത്തേരിയിലെ പരിശോധന കേന്ദ്രത്തിലേക്ക് മാറ്റി. വാകേരി ഗാന്ധിനഗറില്‍ രണ്ട് ദിവസം മുമ്പാണ് കടുവയെ അവശനിലയില്‍ കണ്ടെത്തിയത്. കാട് മൂടി കിടക്കുന്ന എസ്റ്റേറ്റിലാണ് കടുവയെ ഇന്നലെ കണ്ടത്.
ജനവാസ മേഖലയില്‍ എത്തിയാല്‍ മയക്കു വെടിവച്ച് പിടികൂടാന്‍ ചീഫ് ലെവല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കിയിരുന്നു. വ്യാഴാഴ്ച്ചയാണ് പിന്‍ കാലിന് ഗുരുതരമായി പരുക്കേറ്റ കടുവയെ വാകേരി ഗാന്ധിനഗറിലെ ജനവാസ കേന്ദ്രത്തില്‍ കണ്ടെത്തിയത്. പിടികൂടാന്‍ പലവഴിയും നോക്കിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
കടുവയെ ഇന്നാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ അമ്പലവയലില്‍ രണ്ട് ആടുകളെ ആക്രമിച്ച് കൊന്നിരുന്നു. പുലര്‍ച്ചെ ജോലിക്കിറങ്ങിയ ടാക്‌സി ഡ്രൈവറാണ് കടുവയെ ആദ്യം കണ്ടത്. വാകേരി-പാപ്പിളശ്ശേരി റോഡില്‍ കണ്ട കടുവ അവശ നിലയിലായിരുന്നു.
തൊട്ടടുത്ത കാപ്പി തോട്ടത്തിലേക്ക് ഇറങ്ങിയ കടുവ മണിക്കൂറുകളോളം അവിടെ ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആര്‍ആര്‍ടി ഉള്‍പ്പെടെ വനപാലക സംഘം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. അതിനിടെ കടുവ വീണ്ടും തോട്ടത്തിന് ഉള്‍വശത്തേക്ക് കടന്നു. ഇന്നലെ രാവിലെ അമ്പലവയല്‍ മാങ്കൊമ്പിലായിരുന്നു കടുവ ആടുകളെ ആക്രമിച്ച് കൊന്നത്.