നരേന്ദ്ര മോദിയെ പോലെയുള്ള ഫാസിസ്റ്റ് നേതാക്കളെ പുകഴ്ത്തുന്നത് ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ വിശ്വാസ്യത തകര്‍ക്കുമെന്ന് ടി.എന്‍ പ്രതാപന് എം.പി. കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് ഇക്കാര്യം പരാമര്‍ശിച്ച് ടി.എന്‍ പ്രതാപന് കത്ത് അയച്ചു. ശശി തരൂര്‍ എംപി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ മോദി സ്തുതിയില്‍ പ്രതിഷേധിച്ചാണ് ടി.എന്‍.പ്രതാപന്റെ കത്ത്. ഇതോടെ കോണ്‍ഗ്രസിനുള്ളില്‍ മോദി സ്തുതിയുടെ പേരില്‍ തര്‍ക്കം രൂക്ഷമായി.
ഏകാധിപത്യത്തിന്റെ എല്ലാ ലക്ഷണങ്ങളും വ്യക്തമാക്കിയ മോദിയെ പ്രശംസിക്കണമെന്ന് പറയുന്ന രാഷ്ട്രീയ വ്യവഹാരം അസംബന്ധമാണെന്ന് ടി.എന്‍.പ്രതാപന് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പദ്ധതികള്‍ പേരു മാറ്റി അവതരിപ്പിക്കുന്ന മോദിയെ അതിന്റെ പേരില്‍ പ്രശംസിക്കണമെന്ന് പറയുന്നത് മനസ്സിലാകുന്നില്ല. കോണ്‍ഗ്രസിന്റെ ഫാസിസ്റ്റു വിരുദ്ധ പോരാട്ടങ്ങള്‍ ദുര്ബലപ്പെടാനെ അത് വഴിവെയ്ക്കൂ എന്നും ടി.എന്‍.പ്രതാപന് എഴുതിയ കത്തില്‍ പറയുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ മോദിയെ സ്തുതിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തും. കോണ്‍ഗ്രസ് നേതാക്കളായ ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരെ ആക്രമിക്കാനാണ് നരേന്ദ്ര മോദി കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. ഇത്തരം ഫാസിസ്റ്റ് നേതാക്കളെ പുകഴ്ത്തുന്നത് ഫാസിസത്തിനെതിരായ പോരാട്ടങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും പ്രതാപന് എംപി കത്തില്‍ പറയുന്നു.
Read more
കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തരൂരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ആര് പിന്തുണച്ചാലും നരേന്ദ്ര മോദിയുടെ ദുഷ്ചെയ്തികളെ ന്യായീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. “”ആരു പറഞ്ഞാലും ശരി മോദിയുടെ ദുഷ്ചെയ്തികളെ അതുകൊണ്ടൊന്നും മറച്ചു വെയ്ക്കാനാകില്ല. ആയിരം തെറ്റുകള്‍ ചെയ്തിട്ട് ഒരു ശരി ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല. നരേന്ദ്ര മോദിയുടെ ചെയ്തികള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് സ്വീകര്യമല്ലാത്തതാണ്,”” ചെന്നിത്തല പറഞ്ഞു.