പൊലീസ് മേധാവിയാകാന്‍ പിടിവലി; അണിയറയില്‍ നടക്കുന്നത് യുഡിഎഫ് തന്ത്രം; രക്തസാക്ഷി പുഷ്പനെ വെടിവെച്ച് വീഴ്ത്തിയവര്‍ വരുമോ തലപ്പത്ത്; 'തല'മാറ്റത്തില്‍ ആകാംക്ഷ

പുതിയ പൊലീസ് മേധാവിയാകുന്നതിന് തയ്യാറാക്കുന്ന ആറ് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഇടംപിടിച്ച ഐപിഎസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് വേണ്ടി അണിയറയില്‍നടക്കുന്നത് വന്‍ ലോബിയിങ് എന്ന് ആരോപണം.

നിലവിലെ സംസ്ഥാന പൊലീസ് മേധാവി ദര്‍വേഷ് സാഹിബ് റിട്ടയര്‍ ചെയ്യുന്നത് വരുന്ന ജൂണിലാണ്. ഇതിന് മുന്‍പ് യുപിഎസി യോഗം ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ മെയ് ആദ്യവാരം അയക്കുന്ന ആറ് പേരുടെ ലിസ്റ്റില്‍ നിന്നും സീനിയോററ്റി ഉള്‍പ്പെടെ പരിഗണിച്ച് മൂന്ന് പേരുടെ ലിസ്റ്റ് തിരിച്ചയക്കും. ഈ ലിസ്റ്റില്‍ നിന്നും സംസ്ഥാന സര്‍ക്കാറാണ് പുതിയ പൊലീസ് മേധാവിയെ കണ്ടെത്തുക.

സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയിലേക്ക് അയക്കുന്ന പട്ടികയില്‍ നിതിന്‍ അഗര്‍വാള്‍, രവത ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം.ആര്‍ അജിത് കുമാര്‍ എന്നിവരാണ് ഉള്‍പ്പെടുക. ഇതില്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലങ്കില്‍, നിതിന്‍ അഗര്‍വാള്‍, രവത ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരുടെ പേരുകളാണ് തിരിച്ചയക്കപ്പെടുക. ഇതില്‍ നിതിന്‍ അഗര്‍വാളിനെ ബി.എസ്.എഫില്‍ നിന്നും ഡെപ്യൂട്ടേഷന്‍ കാലയളവ് പൂര്‍ത്തിയാക്കും മുന്‍പ് തന്നെ തിരിച്ചയച്ചത് യുപിഎസി പരിഗണിച്ചാല്‍, അദ്ദേഹം മാറ്റി നിര്‍ത്തപ്പെടും. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചാല്‍ ഇവിടെ നിന്നും അയക്കുന്ന ആറ് പേരുടെ ലിസ്റ്റില്‍ നിന്നും നിതിന്‍ അഗര്‍വാള്‍ മാറ്റി നിര്‍ത്തപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുകയില്ല.

2026വരെ സര്‍വ്വീസ് കാലാവധി നിലനില്‍ക്കെയാണ് 2024-ല്‍ നിതിന്‍ അഗര്‍വാളിനെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ചിരുന്നത്. ജമ്മുവിലെ നുഴഞ്ഞുകയറ്റം വന്‍ തിരിച്ചടിയായിരിക്കെയാണ് ബിഎസ്എഫ് മേധാവി നിതിന്‍ അഗര്‍വാളിനെ നീക്കികൊണ്ടുള്ള കേന്ദ്രത്തിന്റെ അസാധാരണ നീക്കമുണ്ടായിരുന്നത്. പാകിസ്താനില്‍ നിന്ന് നുഴഞ്ഞു കയറിയവര്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയ പശ്ചാത്തലത്തിലായിരുന്നു ഈ തിരിച്ചയക്കല്‍ എന്നതും ശ്രദ്ധേയമാണ്. ഇങ്ങനെ മാറ്റി നിര്‍ത്തപ്പെട്ട ഒരു ഉദ്യോഗസ്ഥനെ, കേന്ദ്രത്തിന് അയക്കുന്ന ആറ് പേരുടെ ലിസ്റ്റില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയാല്‍ കേന്ദ്രത്തിന് പോലും ചോദ്യം ചെയ്യാന്‍ കഴിയുകയില്ല.

ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാന പൊലീസ് മേധാവിയാകാന്‍ പ്രധാനമായും രംഗത്തുള്ളത് രണ്ട് പേരാണ്. അത് വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയും ഐബി അഡീഷണല്‍ ഡയറക്ടര്‍ രവത ചന്ദ്രശേഖറുമാണ്.

സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്ത രണ്ട് മുന്‍ ഡി.ജി.പിമാര്‍ ഇരുവര്‍ക്കും വേണ്ടി ചരടുവലികള്‍ നടത്തുന്നതായാണ് ലഭിക്കുന്ന സൂചന. ദര്‍വേഷ് സാഹിബിനെ സംസ്ഥാന പൊലീസ് മേധാവിയാക്കാന്‍ ഇടപെട്ടതായി പറയപ്പെടുന്ന മലബാര്‍ ലോബിയും ഇതിനു പിന്നിലുണ്ടത്രെ. രവത ചന്ദ്രശേഖറിനു വേണ്ടിയാണ് ഈ വിഭാഗം രംഗത്തുള്ളത്. ഈ നീക്കത്തിന് പിന്നില്‍ ചില യു.ഡി.എഫ് നേതാക്കളുടെ രാഷ്ട്രീയ അജണ്ടയുമുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

രവത ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവിയായാല്‍ വീണ്ടും കൂത്ത് പറമ്പ് വെടിവയ്പ്പ് തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കി ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കാമെന്നതാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ കണക്ക് കൂട്ടല്‍.

1995 നവംബര്‍ 25ന് നടന്ന പൊലീസ് വെടിവയ്പ്പിലാണ് കൂത്തുപറമ്പില്‍ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തല്‍ക്ഷണം കൊല്ലപെട്ടിരുന്നത്. ഈ വെടിവയ്പ്പില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പുഷ്പന്‍, അടുത്തയിടെയാണ് മരിച്ചത്. അന്നത്തെ പൊലീസ് നടപടി ഡി.വൈ.എസ്പി ഹക്കീം ബത്തേരിയുടെയും എ.എസ്.പി ആയിരുന്ന രവത ചന്ദ്രശേഖറിന്റെയും നേതൃത്വത്തിലായിരുന്നു നടന്നിരുന്നത്. ഈ സംഭവത്തെ തുടര്‍ന്ന് ഇരുവരും സസ്‌പെന്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു.

സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ഏറെ വൈകാരികമായി കാണുന്ന ഈ സംഭവം വീണ്ടും രാഷ്ട്രീയ ആയുധമാക്കി സി.പി.എമ്മിനകത്ത് പൊട്ടിത്തെറിയുണ്ടാക്കാന്‍ രവത ചന്ദശേഖര്‍ സംസ്ഥാന പൊലീസ് മേധാവിയാകുന്നതുവഴി എളുപ്പത്തില്‍ യു.ഡി.എഫിന് കഴിയും. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചരണ വിഷയമായും പ്രതിപക്ഷം കുത്തു പറമ്പ് വിഷയം മാറ്റും.

മുന്‍പ് വലതുപക്ഷവും ഇടതുപക്ഷവും ഭരിക്കുമ്പോള്‍ ക്രമസമാധാന ചുമതലയില്‍ വിവിധ തസ്തികകളില്‍ രവത ചന്ദ്രശേഖര്‍ തുടര്‍ന്നിട്ടുണ്ടെങ്കിലും, സംസ്ഥാന പൊലീസ് മേധാവിയുടെ തസ്തികയില്‍ ഇടതുപക്ഷ ഭരണകാലത്ത് അദ്ദേഹം നിയമിക്കപ്പെട്ടാല്‍, അതിനെ ന്യായീകരിച്ച് നില്‍ക്കാന്‍ സി.പി.എം – ഡി.വൈ.എഫ്.ഐ നേതൃത്വങ്ങള്‍ക്കു കഴിയുകയില്ല.

അതേസമയം, ദീര്‍ഘകാലമായി ഐ.ബിയില്‍ ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന രവത ചന്ദ്രശേഖറിന് താല്‍പ്പര്യം തുടര്‍ന്നും കേന്ദ്രത്തില്‍ തന്നെ തുടരാനാണെന്നിരിക്കെ, അദ്ദേഹത്തെ കൊണ്ട് സംസ്ഥാന പൊലീസ് മേധാവിയാകാന്‍ സമ്മതമറിയിച്ച് കത്ത് നല്‍കാന്‍ പ്രേരിപ്പിച്ചതിന് പിന്നില്‍, ചില ബാഹ്യ ശക്തികള്‍ പ്രവര്‍ത്തിച്ചതായ സംശയവും ഇപ്പോള്‍ ബലപ്പെടുകയാണ്.

പൊലീസ് മേധാവിയാക്കുമെന്ന ഉറപ്പ് സര്‍ക്കാറുമായി അടുപ്പമുണ്ടെന്ന് അവകാശപ്പെടുന്ന കേന്ദ്രങ്ങള്‍ നല്‍കിയത് കൊണ്ടു മാത്രമാണ് ഇത്തവണ രവത ചന്ദ്രശേഖര്‍ കത്ത് നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം.