യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷാന്‍ മുഹമ്മദ് പോക്‌സോ കേസില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സിപിഎം ബന്ധമുളള ആളുടെ ഇടപെടലിലൂടെയാണ് ഷാന്‍ മുഹമ്മദിന്റെ പേര് കേസില്‍ വരുന്നത് എന്നും താന്‍ ഷാനിനെ സംരക്ഷിക്കുന്നതായി പ്രചാരണം നടത്തുന്നതായും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.
മാത്യു കുഴൽനാടന്റെ ഫേയ്സ്ബുക്ക് കുറിപ്പ്:
ഇത് ഷാൻ മുഹമ്മദ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയാണ്. ഇപ്പോൾ പോത്താനിക്കാട് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള ക്രൈം നമ്പർ 473/ 21 കേസിലെ പ്രതിയാണ്. ഈ കേസിൽ പോക്സോ പ്രകാരം പൊലീസ് ചാർത്തിയിട്ടുള്ള വകുപ്പുകൾ 19ഉം 21ഉം ആണ്. അതായത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞിട്ടും പൊലീസിനെ വിവരം അറിയിച്ചില്ല എന്നതാണ് കുറ്റം. ശരിയായിരിക്കാം.. ഒരുപക്ഷെ അങ്ങനെ സംഭവിച്ചിട്ടുണ്ടാകാം.
ആദ്യം കുട്ടി മൊഴി കൊടുത്തപ്പോൾ ഷാൻ പ്രതിയായിരുന്നില്ല. പിന്നീട് സിപിഎം ലോക്കൽ സെക്രട്ടറിയുടെ മകൾ, കുട്ടിയുടെ അമ്മായി, കുട്ടിയെ കൂട്ടികൊണ്ട് പോവുകയും അതിനുശേഷം കുട്ടി കൊടുത്ത അധിക മൊഴിയിൽ ഷാനിന്റെ പേര് പരാമർശിച്ചതായി അറിയുന്നു. അതിനു പിന്നാലെ നിങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നടത്തിയ പ്രചാരണം, ഷാൻ കുട്ടിയെ പീഡിപ്പിച്ചു എന്ന പോലെയാണ്. കൂടാതെ ഞാൻ ഷാനെ സംരക്ഷിക്കുന്നെന്നും. അതൊന്നും എന്നെ ബാധിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ സമരം ചെയ്ത ഞങ്ങളുടെ വനിതാ സഹപ്രവർത്തകർക്കെതിരെ ഹീനമായ പ്രചാരണം നിങ്ങൾ നടത്തുന്നു.
നിങ്ങൾക്ക് വേണ്ടത് എന്റെ ചോരയാണെങ്കിൽ അത് നേരിട്ടാവാമല്ലോ. എന്തിനാണ് ഈ അന്തസ്സില്ലാത്ത പണിക്ക് പോകുന്നത് ?
ഞാൻ എന്റെ ജീവിതത്തിൽ ഇന്ന് വരെ ഒരു പോക്സോ കേസിൽ അഭിഭാഷകൻ എന്ന നിലയിൽ പോലും ഇടപെട്ടിട്ടില്ല. അത് എന്റെ തീരുമാനമായിരുന്നു. എന്നാൽ എന്റെ കണ്മുന്നിൽ അധികാരം ഉപയോഗിച്ചു നിങ്ങൾ ഒരു കോൺഗ്രസ്സ് പ്രവർത്തകനെ വേട്ടയാടുമ്പോൾ, ആദർശം പറഞ്ഞ് പ്രതിച്ഛയ ഭയം കൊണ്ട് പിൻവലിയാൻ എന്റെ മനസാക്ഷി അനുവദിക്കുന്നില്ല.
അതുകൊണ്ട് ഇനി നിങ്ങൾ വളഞ്ഞു മൂക്ക് പിടിക്കണമെന്നില്ല. നേരിട്ടായിക്കൊള്ളു..
ആടിനെ പട്ടിയാക്കാനും, പട്ടിയെ പ്പേപ്പട്ടിയാക്കി തല്ലികൊല്ലാനും നിങ്ങൾക്കുള്ള വൈഭവം നന്നായറിയാം. അത് ഭയന്ന് പിന്മാറാനില്ല.
കമ്മ്യൂണിസ്റ്റ് അധികാര തുടർച്ചയുടെ അനുരണനങ്ങളാണ് ഇതൊക്കെ. രണ്ടാം പിണറായി സർക്കാരിൽ നിന്നും ഇതും ഇതിൽ അപ്പുറവും നമ്മൾ പ്രതീക്ഷിക്കണം.
എന്നാൽ ഒരു കോൺഗ്രസ്സ് പ്രവർത്തകനെയും വേട്ടയാടാൻ അനുവദിക്കരുത്..