'കുന്തം, കുടച്ചക്രം'... ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ സജി ചെറിയാന് ഇന്ന് നിർണായകം

ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. അഭിഭാഷകനായ ബൈജു എം നോയൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വിധി പറയുന്നത്. കേസ് ഡയറിയും പ്രസംഗത്തിന്റെ വിശദമായ രൂപവും പരിശോധിച്ച ശേഷമാണ് സിംഗിൾ ബെഞ്ച് വിധി പറയുക.

സജി ചെറിയാന്റെ പരാമർശത്തിൽ പ്രഥമദൃഷ്ട്യാ അവഹേളനമുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഭരണസ്വാധീനം ഉപയോഗിച്ച് സജി ചെറിയാൻ കേസ് അട്ടിമറിച്ചുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ഈ സാഹചര്യത്തിലാണ് ഹർജിക്കാരൻ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്.

‘കുറച്ച് നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം’ എന്നായിരുന്നു ഭരണഘടനയെ പറ്റിയുള്ള സജി ചെറിയാന്റെ വിവാദമായ പ്രസംഗ ഭാഗം. 2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.

Read more

പ്രസംഗത്തിലെ കുന്തം, കുടച്ചക്രം എന്നീ പ്രയോഗങ്ങൾ എന്തുദ്ദേശിച്ചാണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. പരാമർശങ്ങൾ ഭരണഘടനയെ അവഹേളിക്കുന്നതല്ല എന്ന് എങ്ങനെ പറയാൻ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു. നിരവധി സാക്ഷികളെ വിസ്തരിച്ചതിൽ നിന്ന് ഭരണഘടനയെ അവഹേളിച്ചതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ശബ്ദ സാമ്പിൾ ഉൾപ്പടെയുള്ള വിശദമായ പരിശോധനയില്ലാതെ അന്വേഷണ ഉദ്യോഗസ്ഥന് എങ്ങനെ തീർപ്പിലെത്താൻ കഴിയുമെന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം.